എസ് എസ് എൽ സി, പ്ലസ്ടു ഇൻവിജിലേറ്റർ നിയമനത്തിലെ അശാസ്ത്രീയത പിൻവലിക്കുക: കെ എസ് ടി യു

Kannur

തലശ്ശേരി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിയിൽ അധ്യാപകരെ അശാസ്ത്രീയമായ രീതിയിൽ ഇൻവിജിലേറ്റർമാരായി നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കെ എസ് ടി യു തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഡെപ്യൂട്ടി ചീഫ് നിയമനവും നടത്തിയിരിക്കുന്നത്

സ്വന്തം സ്കൂളിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ സബ് ജില്ലകളിലെ സ്കൂളിലേക്കാണ് തലശ്ശേരി സബ് ജില്ലയിലെ ചില അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. തലശ്ശേരി സബ് ജില്ലയിലും പരിസരത്തും നിരവധി സ്കൂളുകൾ ഉണ്ടായിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തലതിരിഞ്ഞ തീരുമാനം.

അധ്യാപകരുടെ ആത്മാർതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവണതകൾ പൊതുവിദ്യാഭ്യാസ സംരക്ഷകർക്ക് ചേർന്നതല്ല. തിങ്കളാഴ്ച നടക്കുന്ന പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടി ഉത്തരവ് സ്ക്കൂളുകളിലെത്തിയത് വെള്ളിയാഴ്ചയാണ്. അന്ന് വൈകീട്ട് തന്നെ സ്കൂളുകളിൽ നിന്ന് റിലീവ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അശാസ്ത്രീയമായ നടപടികൾക്കെതിരെ പ്രതികരിക്കാൻ പോലും അവസരം നൽകാതെയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

കെ എസ് ടി യു തലശ്ശേരി സൗത്ത് ഉപജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി സിറാജ്, ട്രഷറർ ടി വി റാഷിദ, നസീർ നെല്ലൂർ , സി പി മൂസ, മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു.