പ്രോജക്ട് കൗതുകങ്ങൾ; ശില്പശാല സമാപിച്ചു

Wayanad

മീനങ്ങാടി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻ്റ് റിസേർച്ച് സെൻ്റർ വയനാട് നടത്തി വരുന്ന വിജ്ഞാന കൗതുകം പ്രോജക്ടിൻ്റെ ഒൻപതാം എപ്പിസോഡ് മീനങ്ങാടിയിൽ സമാപിച്ചു. 6,7, 8 ക്ളാസുകളിലെ 25 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളുടെ പ്രോജക്ട് എന്ത് ? എന്തിന് ? എന്ന വിഷയമാണ് ശില്പശാലയിൽ പ്രവർത്തനാധിഷ്ഠിതമായി നടത്തിയത്.

ഓരോ കുട്ടിയേയും ഒരു അനേഷണ പ്രോജക്ട് ചെയ്യുവാൻ പ്രാപ്തനാക്കുക എന്നതായിരുന്നു ലക്ഷ്യം. പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ സ്വയം പഠനത്തിന് വിധേയമാക്കിക്കൊണ്ടാണ് ശില്പശാല ആരംഭിച്ചത്. തങ്ങളുടെ ശീലങ്ങൾ പലതും നല്ലതല്ല എന്ന് മനഃസ്സിലാക്കിയപ്പോൾ കുട്ടികൾക്ക് പഠനത്തിൻ്റെ ആവശ്യകത ബോദ്ധ്യമായി. ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള സ്വയം പ0നം കൂടുതൽ അറിയുന്നതിനും അറിയിക്കുന്നതിനും പ്രചോദനമായി.

“എന്താണ് ഹരിത ഭവനം ?”സ്‌റ്റെർക്ക് ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലൻ കുട്ടികളുമായി സംവദിക്കുന്നു.

അനേഷണത്തിന് ഒരു വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകളാണ് പിന്നീട് നടന്നത്. ഗവേഷണ പ്രോജക്ടുകൾ അയൽപക്കത്തുള്ള വീടുകളുമായി ബന്ധപ്പെട്ട് ചെയ്യാമെന്ന നിർദ്ദേശം കുട്ടികളിൽ നിന്നും ഉയർന്നു വന്നു. ഒരു വീട് ഹരിത ഭവനം ആക്കേണ്ടതിൻ്റെ ആവശ്യകത സ്റ്റെർക്ക് ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലൻ കുട്ടികളോട് സംവദിച്ചു. തുടർന്ന് വൈസ് ചെയർമാൻ പി.ആർ.മധുസൂദനൻ ഹരിത ഉപകരണങ്ങളായ ചൂടാറാപ്പെട്ടി , സോളാർ പാനൽ, ബയോ കമ്പോസ്റ്റർ ബിൻ, സോളാർ വാട്ടർ ഹീറ്റർ, പോർട്ടബിൾ ബയോഗ്യാസ് പ്ളാൻ്റ്, കിണർ റീചാർജിംഗ് സംവിധാനം തുടങ്ങിയവ പരിചയപ്പെടുത്തി.

സ്റ്റെർക്ക് വൈസ് ചെയർമാൻ പി.ആർ.മധുസുദനൻ ഹരിത ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നു

കുട്ടികൾ അഞ്ചു ഗ്രൂപ്പുകളിലായി വീടും പരിസരവും, വീട്ടിലെ ഊർജ സംരക്ഷണം, ജലസംരക്ഷണം ,മാലിന്യ പരിപാലനം, ആര്യോഗ്യപരിപാലനം എന്നീ വിഷയങ്ങളിൽ ചോദ്യങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.പൊതു ചർച്ചയിലൂടെ ചോദ്യങ്ങൾക്ക് കൃത്യതവരുത്തി. അങ്ങനെ ഈ അഞ്ച് വിഭാഗങ്ങളിലായി 35 ചോദ്യങ്ങൾ ഉൾപ്പെടുത്തി ഹരിത ഭവനങ്ങൾ ഒരു പഠനം എന്ന വിഷയത്തിനാവശ്യമായ ചോദ്യാവലി തയ്യാറാക്കി. വായനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് ഏപ്രിൽ മാസത്തിൽ നടക്കുന്ന ബാല ശാസ്ത്ര കോൺസിൽ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കാൻ തീരുമാനിച്ചു.

പ്രോജക്ട് കൗതുകം മൊഡ്യൂൾ തയ്യാറാക്കി അവതരിപ്പിക്കാൻ വയനാട് ജില്ലയിലെ മുൻ റിസോഴ്സ് പേഴ്സൺ സ് ആയിരുന്ന എം.എം.ടോമി (സി.ഇ.ഒ). ,ഇ.വി.ശശിധരൻ (റിട്ട. ഹെഡ്മാസ്റ്റർ),പി.ൻ.പ്രകാശൻ (റിട്ട. ഹെഡ്മാസ്റ്റർ)എന്നിവർ ആർ.പി.മാരായി പ്രവർത്തിച്ചു.ജോസഫ് ജോൺ, എ.ജെ.ജോസ് , സി. കെ. മനോജ്, പി.കെ.രാജപ്പൻ, റെജീന തുടങ്ങിയവർ സഹായിച്ചു.