കല്പറ്റ: ഓട്ടിസം ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സംഗമവും സ്പര്‍ശ് പെന്‍ഷന്‍ പദ്ധതിയുടെ ഒന്നാം വാര്‍ഷികവും തിങ്കളാഴ്ച രാവിലെ 11 മണിക്ക് കല്പറ്റ മിര്‍സ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സ്പര്‍ശ് ജീവകാരുണ്യ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി വരിന്നത്.
വൈത്തിരി താലൂക്കിലെ 50 പേര്‍ക്കാണ് ഒരു വര്‍ഷമായി സ്പര്‍ശ് പദ്ധതി മുഖേന പെന്‍ഷന്‍ നല്‍കി വരുന്നത്. 1,000 രൂപ മാസം തോറും ഓട്ടിസം ബാധിച്ചയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷനായി നല്‍കും. ലഭ്യമായ 254 അപേക്ഷകളില്‍ നിന്ന് ഏറ്റവും അര്‍ഹരായ 50 പേര്‍ക്കാണിപ്പോള്‍ പെന്‍ഷന്‍ നല്‍കി വരുന്നത്.
സ്പര്‍ശ് പദ്ധതി മുഖേന പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെ കൂട്ടായ്മയും കുടുംബ സംഗമവും ഒന്നാം വാര്‍ഷികവും പൂര്‍ത്തിയാവുന്നതോടെ പെന്‍ഷന്‍ പദ്ധതി 100 പേര്‍ക്ക് നല്‍കാനും വിപുലീകരിക്കാനുമാണ് ആലോചിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് തെന്നാണി, കണ്‍വീനര്‍ വി. വി. സലീം എന്നിവര്‍ പറഞ്ഞു. ബിരിയാണി ചലഞ്ചും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് സ്പര്‍ശ് പെന്‍ഷന്‍ പദ്ധതിക്കുള്ള പണം സ്വരൂപിക്കുന്നത്.
ഓട്ടിസം ബാധിതരുടെയും കുടുംബാംഗങ്ങളുടെയും സംഗമവും സ്പര്‍ശ് പെന്‍ഷന്‍ പദ്ധതിയുടെ ഒന്നാം വാര്‍ഷികവും അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.