പുത്തൂര്‍വയല്‍: കുട്ടികളിൽ ശാസ്ത്രീയ ചിന്തയും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ വച്ച് നടത്തിയ ഒരാഴ്‌ച നീണ്ടു നിന്ന ‘വേനൽകൂട്ട്’ സഹവാസ ക്യാമ്പ് സമാപിച്ചു. മനുഷ്യൻ പ്രകൃതിയിൽ നിന്നും വേറിട്ട ഒന്നല്ല എന്നും പരസ്പര സഹവർത്തിത്വത്തിലൂടെ മാത്രമേ ഭൂമിയിൽ മുന്നേറാൻ സാധിക്കൂ എന്നും സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് കൽപ്പറ്റ സോഷ്യൽ ഫോറെസ്റ്ററി DFO ശ്രീ ഹരിലാൽ പറഞ്ഞു. കുട്ടികൾ എന്ന നിലയിൽ പരിസ്ഥിതിയെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നുള്ളത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾ പരിസ്ഥിതിയെ കുറിച്ച് നേരിട്ട് പഠിക്കേണ്ടതിന്റെ ആവശ്യകത ശ്രീ നന്ദകുമാർ, സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് ഊന്നി പറഞ്ഞു.

ഒരാഴ്ച നീണ്ടു നിന്ന ക്യാമ്പിൽ കേരളത്തിലെ വിവിധ വിഷയങ്ങളിലെ വിദഗ്ധർ കുട്ടികകളോട് സംസാരിക്കുകയും വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് വിവിധ ശാസ്ത്ര പ്രൊജെക്ടുകൾ ഉണ്ടാക്കുന്നതിനായി വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അവതരണങ്ങൾ നടത്തിപ്പിക്കുകയും ചെയ്തു. പക്ഷി നിരീക്ഷണം, മണ്ണിനെ കുറിച്ചും വെള്ളത്തെക്കുറിച്ചുമുള്ള പഠനം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ക്യാമ്പിൽ ഉൾച്ചേർത്തിരുന്നു. കോഴിക്കോട് കണ്ണൂർ വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള മുപ്പത്തി ഏഴു പഠിതാക്കളാണ് ക്യാമ്പിൽ പങ്കെടുത്തത്. പഠിതാക്കൾക്കുള്ള സെർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും DFO ശ്രീ ഹരിലാൽ നൽകി.