മാനന്തവാടി: മനുവാദത്തിലധിഷ്ഠിതമായ ഭരണക്രമം ഉണ്ടാക്കാന്‍ നീതിന്യായ സംവിധാനങ്ങളെ മാറ്റി തീര്‍ക്കുകയാണ് മോദി സര്‍ക്കാരെന്ന് സി.പി.ഐ (എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി ഡോ: പി. ജെ. ജെയിംസ് അഭിപ്രായപ്പെട്ടു. ഫാസിസമാണ് ഇന്ന് അധികാരം പിടിച്ചിരിക്കുന്നത്. സി.പി.എം സി.പി.ഐ പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ലെന്നാണ് പറയുന്നത്. അവരുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന ഒന്നാണ്. ഫാസിസത്തിന്നെതിരെ ശക്തമായ ജനകീയ ജനാധിപത്യ നിരയെ ഉയര്‍ത്തി കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന മോദിയുടെ സാമ്പത്തിക, സൈനിക നയങ്ങളാണ്. യു.എ.പി.എ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കി ചെറുപ്പക്കാരെ വേട്ടയാടുകയാണെന്ന് ജെയിംസ് വിശദമാക്കി. സവര്‍ണ്ണ സംവരണ ബില്‍ പാസാക്കിയ ഒരു സര്‍ക്കാറിന്റെ കാലത്ത് ഇവിടെ മധുമാരും വിശ്വനാഥന്മാരും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നതില്‍ അത്ഭുതമില്ല എന്ന് സ: പി.ജെ ജയിംസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ. വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിന്റെ 53ാമത് വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം അഖിലേന്ത്യാ സെക്രട്ടറി വേണുഗോപാല്‍ കുനിയില്‍, വി.എ. ബാലകൃഷ്ണന്‍, എം.കെ.ഷിബു, കെ.ജി. മനോഹരന്‍, ബിജി ലാലിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍. അശോകന്‍ സ്വാഗതമാശംസിച്ചു. മാനന്തവാടി ടൗണില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ. നസീറുദ്ധീന്‍, ബിജി ലാലിച്ചന്‍ , കെ ജി.മനോഹരന്‍, പി.എം. ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബാബു കുറ്റിക്കൈത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.