ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡി വൈ എഫ് ഐ ജില്ലാ യൂത്ത് മാര്‍ച്ച് 25 മുതല്‍

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യു ഡി എഫ് ജനപ്രതിനിധികള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് നാളെ തുടക്കമാവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 മുതല്‍ 30 വരെയാണ് ജില്ലാ കാല്‍നട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥ ക്യാപ്ടന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്ടനുമാണ്. 25ന് വൈകിട്ട് വൈത്തിരിയില്‍ ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും.

26ന് രാവിലെ ഒമ്പതിന് തലപ്പുഴയില്‍ നിന്ന് ജാഥ പ്രയാണം ആരംഭിക്കും. ആദ്യദിന പര്യടനം സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറന്‍ ഉദ്ഘാടനം ചെയ്യും. സമാപനം തരുവണയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന പര്യടനം പനമരത്ത് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. സമാപനം കോട്ടത്തറയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ ഉദ്ഘാടനം ചെയ്യും. 28ന് മുട്ടിലില്‍ കേന്ദ്ര കമ്മിറ്റി അംഗം എം വിജിന്‍ എം എല്‍ എ പര്യടനം ഉദ്ഘാടനം ചെയ്യും. മേപ്പാടിയില്‍ നടക്കുന്ന സമാപനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി വൈശാഖ് ഉദ്ഘാടനം ചെയ്യും.

29ന് പാടിച്ചിറയില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. സമാപനം ഇരുളത്ത് ഡി വൈ എംഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. 30ന് സമാപന ദിവസത്തെ പര്യടനം മൂലങ്കാവില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് മീനങ്ങാടിയില്‍ നടക്കുന്ന സമാപന സമ്മേളനം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് ജാഥ സ്വീകരണം. മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂരോഗമിക്കുകയാണ്. മെഡിക്കല്‍ ക്യാംപുകള്‍, രക്തദാനം, ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുബന്ധ പരിപാടികളായി സംഘടിപ്പിച്ചു.

പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, വൈസ് പ്രസിഡന്റുമാരായ ഷിഹാബുദ്ദീന്‍, അര്‍ജുന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.