കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച സംരംഭക പുരസ്‌കാരം (സ്വകാര്യ ഏജന്‍സി) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ ഗ്രീന്‍ വേംസ് പ്രൈവറ്റ് ലിമിറ്റഡിന്. മാലിന്യ മുക്തം നവകേരളം ക്യാംപെയ്‌നിന്റെ ഭാഗമായാണ് പുരസ്‌കാരം. പുരസ്‌കാരം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനില്‍ നിന്ന് ഗ്രീന്‍ വേംസ് സിഇഒ ജാബിര്‍ കാരാട്ട് ഏറ്റുവാങ്ങി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന വൃത്തി 2025 കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ വച്ചായിരുന്നു പുരസ്‌കാര വിതരണം. മന്ത്രി എംബി രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടിവി തുടങ്ങിയവര്‍ പങ്കെടുത്തു.
ദിവസം 200 കിലോഗ്രാം മാലിന്യം സംസ്‌ക്കരിച്ചു കൊണ്ടു 2014 ല്‍ തുടങ്ങിയ ഗ്രീന്‍വേംസ് എന്ന കമ്പനി ഇന്നു കേരളം, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായി നിത്യവും കൈകാര്യം ചെയ്യുന്നത് 2,40,000 കിലോഗ്രാം മാലിന്യമാണ്. ഇന്ന് ഇരുന്നൂറോളം തദ്ദേശ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം നടത്തി വരികയാണ് ഗ്രീന്‍വേംസ്. ഇതു വരെ 1,23,864 മെട്രിക് ടണ്‍ മാലിന്യമാണ് ഗ്രീന്‍ വേംസ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 55,800 മെട്രിക് ടണ്‍ അജൈവ മാലിന്യം ഗ്രിന്‍വേംസിന്റെ നേതൃത്വത്തില്‍ സംസ്‌ക്കരിച്ചു.