കോഴിക്കോട്: മഹാരഥന്മാരായ നവോത്ഥാന നായകരുടെ ശ്രമഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയിൽ നിന്ന് കേരളത്തെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത കാണിക്കണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ നവോത്ഥാന ചരിത്ര സമ്മേളനം ആവശ്യപ്പെട്ടു.

വക്കം അബ്ദുൽ ഖാദർ മൗലവി, കെ എം മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ മൊയ്തു മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ കെ മൗലവി തുടങ്ങിയ പണ്ഡിതന്മാരും നേതാക്കളും മുസ്‌ലിം ഐക്യ സംഘത്തിലൂടെയും കേരള ജംഇയ്യത്തുൽ ഉലമയിലൂടെയും ഉണ്ടാക്കിയെടുത്ത നവോത്ഥാനത്തിന്റെ ഗുണഫലങ്ങളാണ് കേരളത്തിലെ മുസ്‌ലിം സമുദായം ഇന്ന് അനുഭവിക്കുന്നത്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മുസ്‌ലിങ്ങളെക്കാൾ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ചികിത്സാരംഗങ്ങളിൽ നാം നേടിയെടുത്ത പുരോഗതി നിലനിർത്തേണ്ട ബാധ്യത നമുക്കുണ്ട്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി ജീവിക്കുകയും ചികിത്സാ സമ്പ്രദായങ്ങളെ നിഷേധിക്കുകയും ചെയ്തിരുന്ന ഒരു സമുദായത്തെയാണ് ഈ പണ്ഡിതന്മാർ മാറ്റിയെടുത്തത്. മന്ത്രവാദവും ഉറുക്കും നൂലും ഏലസ്സും പിഞ്ഞാണമെഴുത്തും ചികിത്സാ സമ്പ്രദായമായി സ്വീകരിച്ചിരുന്ന ഒരു സമൂഹത്തെ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളിലേക്ക് മാറ്റിയെടുത്തത് ഈ നവോത്ഥാന നായകരാണ്.

പ്രസവത്തിനായാലും മറ്റ് രോഗങ്ങൾക്കായാലും ചികിത്സ തേടുന്നത് മതവിരുദ്ധമാണ് എന്ന് തോന്നിക്കുന്ന തരത്തിൽ മതപണ്ഡിതന്മാരിൽ നിന്നുണ്ടാകുന്ന പ്രസ്താവനകൾ ഇസ്‌ലാമിനെ വിമർശിക്കുന്നവർക്ക് കരുത്ത് പകരാനേ സഹായിക്കുകയുള്ളൂ. ഇത്തരം പിന്തിരിപ്പൻ നിലപാടുകളിൽ നിന്ന് മത നേതൃത്വങ്ങളിൽ ഉള്ളവർ വിട്ടുനിൽക്കണം.
കേരളത്തിൽ നിലനിൽക്കുന്ന മത സാഹോദര്യവും സൗഹാർദവും ഈ നവോത്ഥാന നായകരുടെ ശ്രമഫലമായി ഉണ്ടായതാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ നിലനിന്നിരുന്നതാണ് ഈ സാഹോദര്യം. സ്വാതന്ത്രസമരകാലത്തും സ്വാതന്ത്ര്യത്തിനു ശേഷവും ഈ സൗഹാർദം നിലനിർത്തുവാൻ അക്ഷീണപ്രയത്നമാണ് കേരളത്തിലെ നവോത്ഥാന പ്രവർത്തകർ നടത്തിയത്. ശ്രീ നാരായണ ഗുരുവും വക്കം മൗലവിയും കെ എം സീതി സാഹിബും അടക്കമുള്ളവർ മത വിശ്വാസികൾക്കിടയിൽ ഉണ്ടാവേണ്ട സൗഹാർദത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞവരാണ്.
വർഗീയത പറഞ്ഞും പ്രചരിപ്പിച്ചും ഈ സൗഹാർദം നശിപ്പിക്കാൻ ജാതിമത സംഘടന നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ എതിർക്കപ്പെടേണ്ടതാണ്. സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളെ ന്യായീകരിക്കുന്ന നടപടികൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. വഖ്ഫ് വിഷയത്തിൽ മതവിശ്വാസികൾക്കിടയിൽ ശത്രുതയുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ വിവിധ മതവിശ്വാസികളെയും ബന്ധപ്പെട്ടവരെയും ഒരുമിച്ചുകൂട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർതലത്തിൽ അടിയന്തര ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു.
പി പി ഉണ്ണീൻകുട്ടി മൗലവി, കെ വി അബ്ദുല്ലത്തീഫ് മൗലവി, പി പി മുഹമ്മദ് മദനി,എം.എം നദ്‌വി, എം.ടി അബ്ദുസ്സമദ് സുല്ലമി, സി മരക്കാരുട്ടി, സദാദ് അബ്ദുസമദ്, മുസ്തഫ തൻവീർ, അഹമ്മദ് അനസ് മൗലവി തുടങ്ങിയവർ സംസാരിച്ചു.