മാനന്തവാടി:- അംബേദ്കർ ജന്മദിനാചരണത്തിന്റെ ഭാഗമായി “ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ” എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ടേബിൾ ടോക് സംഘടിപ്പിച്ചു.
അസ്പർശതയുടേയും അയിത്തത്തിന്റേയും ജാതി ഹിന്ദുത്വക്കെതിരായ കൃത്യവും ഫലപ്രദവുമായ പോരാട്ടം തന്നെയാണ് ബ്രാഹ്മണ്യ വിരുദ്ധമായ രാജ്യ ഭൂരിപക്ഷത്തിന്
സമാനതകളില്ലാത്ത മഹാത്മവായി മഹാത്മാ ഭീം റാവ് അംബേദ്കറെ മാറ്റുന്നതെന്നും ജനനത്തിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ട തന്റെ സമൂഹത്തിന് വേണ്ടി
ജീവിതകാലം മുഴുവൻ അംബേദ്കർ നടത്തിയ പോരാട്ടമാണ് രാജ്യത്ത് ദലിത് ആദിവാസി മതന്യൂനപക്ഷങ്ങൾക്ക് രാജ്യ ഭരണത്തിലും രാജ്യ വിഭവങ്ങളിലുമുള്ള പങ്കാളിത്തംഉറപ്പ് നൽകിയതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം പറഞ്ഞു. എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച ടേബിൾ ടോക് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ സാംസ്കാരിക ദേശീയതയിലേയ്ക്ക് അധികാര കൈമാറ്റമെന്ന പൊതുസ്വീകാര്യ ഗാന്ധിയൻ പദ്ധതി തർത്തത് ഭരണഘടനാ ശിൽപ്പിയായ അംബേദ്കറുടെ നിശ്ചയദാർഡ്യമാണെന്നും സ്ഥിതി സമത്വ മതേതര ഭരണഘടന വഴി ഹിന്ദുത്വ സാംസ്കാരിക ദേശീയതയെ നേരിടാൻ രാജ്യ ഭൂരിപക്ഷത്തിന് ഭരണഘടനയല്ലാതെ മറ്റു വഴികളില്ലെന്നതുമാണ് അന്നും ഇന്നും മഹാത്മാ അംബേബേദ്കറെ പ്രസക്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡണ്ട് എ. യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ഈശ്വരൻ നമ്പൂതിരി, ഐ.ഡി.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് പി.കെ രാധാകൃഷ്ണൻ, അംബേദ്കര് അവാർഡ് ജേതാവ് സ്വപ്ന ആന്റണി, വെൽഫെയർ പാർട്ടി ജില്ലാ വൈ:പ്രസിഡണ്ട് സൈദ് കുടുവ, അഡ്വ: കെ.എ അയ്യൂബ്, എസ്.ഡി.പി.ഐ വയനാട് ജില്ലാ ജന: സെക്രട്ടറി പി.ടി സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.