കടത്തനാടിന്‍ വീറ്, വടയും ചട്‌നിയും പരിചയാക്കി വേളം ഏഴാം വാര്‍ഡിന്‍റെ തണല്‍ പയറ്റ്

Kozhikode

വാര്‍ഡിലെ 300 പേര്‍ പങ്കെടുത്തു ലഭിച്ചത് രണ്ടരലക്ഷം രൂപ

കാരുണ്യഹൃദയമുള്ളവരുടെ നാട്, വേളം ഗ്രാമപഞ്ചായത്തിലെ ശാന്തിനഗര്‍ ഏഴാം വാര്‍ഡ്. ആശ്രയമില്ലാത്ത ഭിന്ന ശേഷി മക്കളെ സംരക്ഷിക്കാനും ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമേകാനും തണല്‍ കൈനീട്ടാനിറങ്ങിയപ്പോള്‍ ഏഴാം വാര്‍ഡ് മഹിത മാതൃകയുമായ് മുന്നില്‍.

കടത്തനാടന്‍ വീറുമായ് വടയും ചട്ണിയും ആയുധമാക്കി നടത്തിയ തണല്‍ പണപറയറ്റ് ശരിക്കും നാടിന്റെ ഗ്രാമീണ സൗന്ദര്യമായ് മാറി. നാലു മുതല്‍ 8 മണി വരെ നടന്ന പയറ്റില്‍ കണ്ണിചേരാന്‍ എത്തിയത് 300 ഏറെ ആളുകള്‍. സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരും കൈകോര്‍ത്ത ഈ നന്മ വേറിട്ട കാരുണ്യകാഴ്ചയായി.

100 മുതല്‍ 6000 രൂപവരെ നല്‍കിയവരുണ്ട്. മൊത്തം രണ്ടര ലക്ഷത്തിലധികം രൂപയാണ് രാത്രിയാകുമ്പോഴേക്കും പയറ്റിലൂടെ സമാഹരിച്ചത്. വാര്‍ഡ് മെമ്പര്‍ എം സി മൊയ്തു, ജയദേവന്‍ കൊടുമ, പി കെ അശ്‌റഫ് മാസ്റ്റര്‍, താര റഹീം, എന്‍ വി മമ്മു ഹാജി, അലി കൊടുമ, ഏ കെ സലീം മാസ്റ്റര്‍, എന്‍ വി അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തണല്‍ ഒരു കോടി സമാഹരണത്തില്‍ പങ്കുചേരാന്‍ പണപയറ്റ് സംഘടിപ്പിച്ച വാര്‍ഡ് മെമ്പര്‍ എം സി മൊയ്തുവും ജനങ്ങളും നടത്തിയ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ഏഴാം വാര്‍ഡിന്റെ ചുവടുകള്‍ അനുകരണീയ മാതൃകയാണെന്നും ടിം തണല്‍ കുറ്റിയാടിയിലെ സന്തോഷ് പറഞ്ഞു.