തിരുവനന്തപുരം: നാഷണല്‍ കോളേജ് 2022-23 അക്കാദമിക് ഇയറിലെ കോളേജ് യൂണിന്റെയും ആര്‍ട്‌സ് ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം കോളേജ് അങ്കണത്തില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും ജീവിതമാകുന്ന പരീക്ഷയില്‍ എപ്ലസ് നേടുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമെന്നും ഇക്കാര്യം വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയുമ്പോഴാണ് പഠനപ്രക്രിയ പൂര്‍ണമാകുന്നതെന്നും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് റോള്‍ മോഡല്‍ ആകണമെന്നും നാഷണല്‍ കോളേജില്‍ കോളേജ് യൂണിയനും ആര്‍ട്‌സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തകൃഷ്ണന്‍ എസ്. ആര്‍ അദ്ധ്യക്ഷനായിരുന്നു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മഞ്ചേഷ് നാഥ് എം. എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍ ആമുഖപ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, അക്കാദമിക് കോഡിനേറ്റര്‍ ഫാജിസ ബീവി, സ്റ്റാഫ് അഡ്വൈസര്‍ ഉബൈദ് എ, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി അഞ്ജലി എസ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആരതി കൃഷ്ണ പി .ആര്‍ കൃതജ്ഞത പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.