ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളെ വളർത്തിയെടുക്കുന്നതിൽ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങൾക്കുള്ള പങ്ക് ഇതിനോടകം പല ഘട്ടങ്ങളിലും വെളിപ്പെട്ടിട്ടുള്ളതാണെന്നും ,യുദ്ധത്തിലുടെ ഭീകരവാദത്തെ പരാജയപ്പെടുത്താനാവില്ല എന്നതാണ് ഇതുവരെയുള്ള നമ്മുടെ അനുഭവമെന്നും കൾച്ചറൽ ഫോറം അഭിപ്രായപ്പെട്ടു. പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. എന്നാൽ അതിൻ്റെ പേരിൽ അയൽ രാജ്യവുമായി യുദ്ധത്തിനിറങ്ങാനുള്ള നീക്കം പ്രതിഷേധാർഹമാണ്.
യുദ്ധോത്സുകത സൃഷ്ടിച്ചു കൊണ്ട് ഒരു ജനതയെ ആകെ യുദ്ധക്കൊതിയന്മാരാക്കുകയും ,വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു
ഇനിയൊരു യുദ്ധം വേണ്ട, യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ല, ഭീകരവാദ പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൾച്ചറൽ ഫോറം കേരള LIC കോർണറിൽ യുദ്ധവിരുദ്ധ പരിപാടി നടത്തി
വേണുഗോപാലൻ കുനിയിൽ ,വി.എ ബാലകൃഷ്ണൻ ,മണികണ്ഠൻ മുക്കുതല , സുനിൽ ജോസഫ്, കെ.ടി ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി..
തൃശൂരിൽ ജനകീയ സമാധാന റാലി നടത്തിയ പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ കെ. സഹദേവൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു