അപ്രഖ്യാപിത അടിയന്തരാവസ്ഥകൾ ഏതു നിമിഷവും രാജ്യത്ത് കടന്നുവരാവുന്നതിനെക്കുറിച്ചാണ് നാം ജാഗരൂകരാകേണ്ടതെന്ന് പ്രഫ. ഹമീദ് ചേന്ദമംഗലൂർ

Kozhikode

കോഴിക്കോട് : അൻപതു വർഷം മുൻപ് നടന്ന ഒരു വിദൂര സംഭവം മായല്ല, ഇന്നും ഭാവിയിലും എപ്പോഴും നമ്മുടെ ഇന്ത്യയിൽ ഇനിയും നടന്നേക്കാവുന്ന കാര്യമാണെന്ന രീതിയിലുള്ള ജാഗ്രതയാണ് അടിയന്തരാവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മിൽ നിന്നു ണ്ടാകേണ്ടതെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ . അടിയന്തരാവസ്ഥ അൻപതാം വാർഷികത്തോടനുബന്ധിച്ച് വിജിൽ ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥ 50 തികയുമ്പോൾ പാഠവും പഠനവും ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂതത്തിലുള്ള ഒരു കാര്യം മാത്രമല്ല അത്. കാരണം അടിയന്തരാവസ്ഥ എന്ന ദുരന്തത്തിൻ്റെ അണുക്കൾ ഇപ്പോഴും രാഷ്ട്ര ഗാത്രത്തിൽ ഉറങ്ങിക്കിടക്കുകയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥകൾ ഇനിയും ഏത് നിമിഷം വരാമെന്നാണ് നാം തിരിച്ചറിയേണ്ടത്.

ഭരണഘടനയിൽ നിന്ന് സെക്കുലർ എന്നത് നീക്കം ചെയ്യണമെന്ന് പറയുന്നവർ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ഈ സെക്കുലറിസമാണ് നമ്മുടെ ജനാധിപത്യത്തെ ഏറെ ശക്തിപ്പെടുത്തുന്നത്. അതിനു പകരം എന്ന് നമ്മൾ മതാതിഷ്ഠിതമാകുന്നുവോ അന്ന് നമ്മുടെ നാശം തുടങ്ങും. നമ്മുടെ അയൽ രാജ്യങ്ങളുടെ അവസ്ഥ നമുക്കെല്ലാം ഇക്കാര്യത്തിൽ പാഠമാകണം. ഭരണഘടന ഇതേ പോലെ നിലനില്ക്കുന്നത് ഇല്ലാതാകുന്നതോടു കൂടി നമ്മൾ നാശത്തിലേക്ക് നീങ്ങുമെന്നതും ആരും മറക്കരുത്. അടിയന്തരാവസ്ഥക്കാലത്ത് സജ്ഞയ് ഗാന്ധിയോടൊപ്പം അതിൻ്റെ എല്ലാ വിധ ക്രൂരതകൾക്കും കൂട്ടു നിന്ന വ്യക്തികളെന്ന് വിമർശിക്കപ്പെട്ട ജഗ് മോഹനും മനേകാ ഗാന്ധിയെയും അതിൻ്റെ ഏറ്റവും വലിയ വിമർശകരായ ബി.ജെ.പി തന്നെ കശ്മീരിൽ ഗവർണറും കേന്ദ്രമന്ത്രിയുമാക്കുന്നതാണ് നാം പിന്നീട് കണ്ടത്. ഇത്തരമാളുകളുടെ പൂർവീക ചരിത്രം പഠിക്കുവാൻ പോലും രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ലെന്നുള്ളത് ഏറെ ഖേനകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്

ഇന്ത്യയുടെ പാർലിമെൻ്ററി സംവിധാനത്തിൻ്റെ ആത്മാവ് കുടി കൊള്ളുന്നത് ഇന്ത്യയുടെ ഭരണഘടനയിലായതിനാൽ അത് നിലനില്ക്കേണ്ടത് നമ്മുടെ രാജ്യത്തിൻ്റെ താൽപര്യം തന്നയാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള സത്യങ്ങൾ വർത്തമാനകാലത്ത് നഗ്നമായി കുഴിച്ചുമൂടപ്പെടുന്നത് കാണുമ്പോൾ ഏറെ സങ്കടമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിൽ, ആർ. എസ്.എസ് ബാന്ധവത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ, ജനങ്ങളോട് സത്യം പറയേണ്ടവർ തന്നെ അതിനെതിരെ സംസാരിക്കുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, അഡ്വ. സജിനാരായണൻ എന്നിവരും സംസാരിച്ചു. വിജിൽ പ്രസിഡൻ്റ് അഡ്വ. ജോസഫ് തോമസ് ആധ്യക്ഷം വഹിച്ചു. ടി.എച്ച്. വത്സരാജ് സ്വാഗതവും കെ. മോഹൻ ദാസ് നന്ദിയും പറഞ്ഞു.