നടന്‍ വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമായേക്കും

Politics

തമിഴ്‌നാട് കത്ത് / ഡോ കൈപ്പാറേടന്‍

നടന്‍ വിജയ് സജീവ രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് അടുത്തു തന്നെ ചര്‍ച്ച നടത്തും. നിരവധി നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രമൊരുക്കിയ രാഷ്ട്രീയ ചാണക്യനാണ് പ്രശാന്ത് കിഷോര്‍.

പല ഘട്ടങ്ങളിലായി നരേന്ദ്ര മോദി, നിതീഷ് കുമാര്‍, കേജരിവാള്‍ കോണ്‍ഗ്രസ്സിലെ അശോക് ഗേലോട്ട്, എം കെ സ്റ്റാലിന്‍, മമത ബാനര്‍ജി, തുടങ്ങി നിരവധി നേതാക്കള്‍ക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രശാന്ത് കിഷോറുമായി വിജയ് ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വാര്‍ത്ത. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം, ബൂത്ത് തല കമ്മിറ്റി രൂപീകരണം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് വിജയ്കിഷോര്‍ കൂടിക്കാഴ്ച എന്നറിയുന്നു.

അടുത്തിടെ വിജയ് ആരാധക സംഘടനാ നേതാക്കള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്ന് അവര്‍ നടത്തുന്ന നീക്കങ്ങളോരോന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് കരുതപ്പെടുന്നത്. വിജയുടെ അറിവോടെയും പിന്തുണയോടെയുമാണിതെന്നു വ്യക്തം.

കോളേജ് വിദ്യാര്‍ഥികളുമായുള്ള സംവാദം, അവര്‍ക്ക് പഠന സൗകര്യം ഒരുക്കല്‍, ആരാധക സംഘടനാ നേതാക്കളുമായുള്ള നിരന്തര കൂടിക്കാഴ്ച തുടങ്ങി വിജയ് അടുത്തിടെ നടത്തുന്ന ഓരോ നീക്കവും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.

അടുത്ത സിനിമയുടെ ചിത്രീകരണം കൂടി പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹം മൂന്ന് വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് അവധിയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് വാര്‍ത്ത.

കഴിഞ്ഞ വര്‍ഷവും വിജയ് പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിന് ഹൈദരാബാദിലെത്തിയപ്പോഴാണ് പ്രശാന്ത് കിഷോറിനെ വിജയ് കണ്ടത്.