മനുഷ്യരെ സംരക്ഷിക്കുന്നിടത്താണ് ദൈവം വസിക്കുന്നത്: പത്മശ്രീ ചെറുവയല്‍ രാമന്‍

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

പിണങ്ങോട്: അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ നല്‍കി മനുഷ്യരെ സംരക്ഷിക്കുന്ന ഇടങ്ങള്‍ യഥാര്‍ത്ഥ ദേവാലയങ്ങളും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഈ ഭൂമിക്ക് വേണ്ടപ്പെട്ടവരുമാണെന്ന് പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ അഭിപ്രായപ്പെട്ടു. അത്തരമൊരു ദേവാലയമാണ്, ഒറ്റപ്പെട്ടുപോയ ഒരുപാട് മനുഷ്യര്‍ കൂട്ടുകുടുംബമായി ഒരുമിച്ച് കഴിയുന്ന സന്തോഷത്തിന്റെ തറവാട്ടുവീടാണ് പീസ് വില്ലേജ്. ആളുകള്‍ മനസമാധാനത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. അതിലൊരു കളങ്കവും വരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് അദ്ദേഹം പറഞ്ഞു.

പീസ് വില്ലേജ് കാമ്പസില്‍ വിവിധ പച്ചക്കറി കൃഷിക്ക് വേണ്ടി നിര്‍മ്മിച്ച മഴ മറയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചെറുവയല്‍ രാമന്‍. പീസ് വില്ലേജ് സെക്രട്ടറി സദ്‌റുദ്ദീന്‍ വാഴക്കാട് ചെറുവയല്‍ രാമനെ പൊന്നാട അണിയിച്ചും മൊമന്റൊ നല്‍കിയും ആദരിച്ചു. പീസ് വില്ലേജില്‍ ഉല്‍പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിപണന സംവിധാനം, ‘പീസ് ഈഡന്‍’ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉല്‍ഘാടനം ചെയ്തു. മുന്‍ മാനേജര്‍ കെ.സി അബ്ദുസത്താര്‍ ഏറ്റുവാങ്ങി.

പീസ് വില്ലേജിലെ കര്‍ഷകരായ ഉദയന്‍, രാമന്‍, പ്രേമന്‍, ശാരദ, ആസ്യ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചെറുവയല്‍ രാമന്‍ സമ്മാനിച്ചു. സദ്‌റുദ്ദീന്‍ വാഴക്കാട്, വാര്‍ഡ് മെമ്പര്‍ കെ.പി അന്‍വര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മമ്മൂട്ടി, വെങ്ങപ്പള്ളി കൃഷി ഓഫീസര്‍ ടി.പി പൗലോസ്, പീസ് വില്ലേജ് മാനേജര്‍ ഹാരിസ് അരിക്കുളം, പി.ആര്‍.ഒ അബ്ദുല്ല പച്ചൂരാന്‍ എന്നിവര്‍ സംസാരിച്ചു. ഷനൂപ്, ജസീല, കെസിയ, ഫസീല തുടങ്ങി പീസ് വില്ലേജ് സ്റ്റാഫംഗങ്ങള്‍, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. എസ്സിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, പീസ് വില്ലേജ് വനിതാ സപ്പോര്‍ട്ടിങ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ, ‘ഞങ്ങളും കൃഷിയിലേക്ക്’ സ്ഥാപന പച്ചക്കറി കൃഷി പദ്ധതി പ്രകാരമാണ് മഴമറ ഒരുക്കിയിരിക്കുന്നത്. വിവിധയിനത്തില്‍പെട്ട എഴുന്നൂറോളം പച്ചക്കറി തൈകളാണ് മഴമറയില്‍ കൃഷി ചെയ്തിട്ടുള്ളത്. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് പീസ് വില്ലേജ് കുടുംബാംഗങ്ങള്‍ വിപുലമായ കൃഷിയില്‍ ഏര്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *