അല്‍ഹുദാ മദ്‌റസ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

Gulf News GCC

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ കീഴിലുള്ള അല്‍ഹുദാ മദ്‌റസ വിദ്യാര്‍ഥികളുടെ കായികമേള ‘അല്‍ഹുദാ സ്‌പോര്‍ട്‌സ് മീറ്റ് 2023’ ഹയ്യ സാമിറിലെ അല്‍ ദുര്‍റാ വില്ലയില്‍ വെച്ച് നടന്നു. മദ്‌റസാ വിദ്യാര്‍ഥികളുടെ കായിക രംഗത്തെ മികവ് വിളിച്ചറിയിക്കുന്നതായി ഓരോ മത്സരങ്ങളിലെയും പ്രകടനങ്ങള്‍. നാല് ഹൗസുകളിലായി വിവിധ കാറ്റഗറികളില്‍ 400 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മീറ്റില്‍ റെഡ് ഹൗസ് ചാമ്പ്യന്മാരായി, ബ്ലൂ, ഗ്രീന്‍ ഹൗസുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി, അല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ലിയാഖത് അലി വിജയികളെ അനുമോദിച്ചു സംസാരിച്ചു.

ബഡ്‌സ്, കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 50, 100 മീറ്റര്‍ ഓട്ടം, റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, സാക് റെയ്‌സ്, ലമണ്‍ & സ്പൂണ്‍, ലമണ്‍ ഗാതെറിംഗ്, കാന്റ്റി ഗാതെറിംഗ്, ബോള്‍ പാസിംഗ്, റിംഗ് പാസിംഗ് തുടങ്ങി വിവിധ ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു. മദ്രസാ പാരന്റ്‌സ്’ ഫോറത്തിനായി നടത്തിയ പുരുഷന്മാരുടെ ഷൂട്ട് ഔട്ട് മത്സരവും വനിതകളുടെ റിങ് പാസിംഗ് മത്സരവും ആവേശകരമായി.

വിവിധ ഹൗസുകളിലെ വിദ്യാര്‍ഥികളുടെ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് നയനാനന്ദകരമായിരുന്നു. മാര്‍ച്ച് പാസ്റ്റിന് ഹൗസ് ലീഡര്‍മാര്‍ നേതൃത്വം നല്‍കി, അല്‍ഹുദാ മദ്‌റസ പാരന്റ്‌സ് ഫോറത്തിന്റെയും മദേര്‍സ് ഫോറത്തിന്റെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ഭാരവാഹികള്‍ സല്യൂട്ട് സ്വീകരിച്ചു. വിജയികള്‍ക്കുള്ള മെഡലുകള്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ സലാഹ് കാരാടന്‍, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ഹംസ നിലമ്പൂര്‍, ജമാല്‍ ഇസ്മായില്‍, ജരീര്‍ വേങ്ങര, പാരന്റ്‌സ്’ ഫോറം ഭാരവാഹികളായ സാജിത്, റഷാദ് കരുമാര, മുബാറക്, മദേഴ്‌സ് ഫോറം ഭാരവാഹികളായ അസ്‌ന, റഹീല, സീനത്ത്, ഷാനിബ, മുബീന, ഐവോ ഭാരവാഹികളായ ജുമൈല മുഹമ്മദ്,സിറിന്‍ ജമാല്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

കായിക മത്സരങ്ങള്‍ക്ക് ഷക്കീല്‍ ബാബു, മന്‍സൂര്‍ കെ.സി. അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍, ഇഖ്ബാല്‍ മാസ്റ്റര്‍, ശിഹാബ്, അബു കട്ടുപ്പാറ, ഹിജാസ് കൊച്ചിന്‍, മുഹമ്മദ് വളപ്പന്‍, പ്രിന്‍സാദ് പാറായി, നാസര്‍ സെയ്ന്‍, നിഷാത്ത് ഷമീര്‍, സമ്ര മന്‍സൂര്‍, ഷാബിന അബൂ, ഷമിയത്ത് അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *