കൊച്ചി: വിജേഷിന്റെയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്വപ്ന സുരേഷ്. വിജേഷ് പിള്ളയ്‌ക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഇത് എവിടെയും ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്ന സുരേഷ് വെളിപ്പടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുകയും തെളിവുള്‍ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയും ചെയ്ത് വിജേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് വെല്ലുവിളി ഏറ്റെടുത്തും തെളിവുകള്‍ പുറത്തുവിടാമെന്ന് വ്യക്തമാക്കിയും സ്വപ്ന സുരേഷും രംഗത്തെത്തിയത്.
സംഭവത്തിന് പിന്നാലെ ഇഡിയെയും പൊലീസിനെയും തെളിവുകള്‍ ഉള്‍പ്പെടെ സമീപിച്ചു. ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചതായും സ്വപ്ന പറയുന്നു. നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് സ്വപ്ന വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയ തെളിവുകള്‍ കോടകതിയിലും സമര്‍പ്പിക്കുമെന്ന് സ്വപ്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വീകരിക്കുന്ന നിയമ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും സ്വപ്ന വ്യക്തമാക്കി. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നും സ്വപ്നയ്‌ക്കെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.