പാലാ: പൊലീസില്‍ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ കണ്ടെത്തി കൈമാറി. പാലാ നഗരസഭാ കൊച്ചിടപ്പാടി എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണിയാണ് ഉടമ വാഴൂര്‍ തൂങ്കുഴിയില്‍ ജസ്റ്റിന്‍ ടി കുരുവിളയ്ക്ക് വാഹനം കൈമാറിയത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ എസ് നിഷാന്ത്, മാണി സി കാപ്പന്‍ എം എല്‍ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിജി ടോണി ഉടമയ്ക്ക് ബൈക്ക് കൈമാറിയത്.
ബൈക്ക് മോഷണം പോയത് സംബന്ധിച്ച് കേസെടുക്കാത്ത സാഹചര്യത്തില്‍ മറ്റു നടപടി ക്രമങ്ങള്‍ ഇല്ലാതെ തന്നെ ബൈക്ക് ഉടമയ്ക്ക് തിരിച്ചു കിട്ടി. ഈ മാസം 3ന് രാത്രി പൊന്‍കുന്നത്ത് പാഴ്‌സല്‍ വാങ്ങാന്‍ ഉടമ കടയില്‍ കയറിയ സമയത്താണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് പൊന്‍കുന്നം പൊലീസില്‍ ഉടമ പരാതിയും നല്‍കി.
പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ ഹൈവേയില്‍ മൂന്നാനി ഭാഗത്ത് നഗരസഭാ കൗണ്‍സിലര്‍ സിജി ടോണിയുടെ വീടിന്റെ എതിര്‍വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ ഗഘ33 ഗ5434 ഹീറോ ഗ്ലാമര്‍ ബൈക്ക് കണ്ടെത്തിയത്. രണ്ടു ദിവസമായി അതേ നിലയില്‍ ബൈക്ക് തുടരുന്നത് ശ്രദ്ധിച്ച സിജി പാലാ പോലീസില്‍ പലതവണ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടാകാതെ വന്നു. പത്തു ദിവസം പിന്നിട്ടപ്പോള്‍ വിവരം മാണി സി കാപ്പന്‍ എം എല്‍ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനെ വിവരമറിയിച്ചു. എബി ഉടന്‍ തന്നെ ഉടമയുടെ ഫോണ്‍ നമ്പരും വിലാസവും കണ്ടെത്തി നല്‍കി. തുടര്‍ന്നു സിജി ഇദ്ദേഹത്തെ വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് അറിയുന്നത്. തുടര്‍ന്നാണ് ഉടമ ജസ്റ്റിന്‍ ഇന്നലെ പോലീസ് ഉദ്യോഗസ്ഥരുമായി എത്തി ബൈക്ക് ഏറ്റുവാങ്ങിയത്.