തിരുവനന്തപുരം: ജന്തുജന്യരോഗങ്ങളെ യഥാസമയം മനസിലാക്കുവാനും പ്രതിരോധിക്കുവാനും ജീനോം ഡാറ്റാ സെന്റര്‍ സഹായകമാകുമെന്ന് ജീനോമിക്, മൈക്രോബയോം വിദഗ്ദ്ധര്‍. കെഡിസ്‌ക് ഇന്നവേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിലാണ് വിദഗ്ദ്ധര്‍ കേരള ജീനോം സെന്ററിന്റെ പ്രധാന്യം വ്യക്തമാക്കിയത്. ഓരോ ജീവജാലങ്ങളിലും നടക്കുന്ന വകമാറ്റം കണ്ടെത്തുവാനും കൂടുതല്‍ പഠനം നടത്തുന്നതിനും സെന്റര്‍ സഹായകമാകും. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും അവയെ സംരക്ഷിക്കുവാനും ജീനോം ഡാറ്റാ സെന്റര്‍ ഉപകരിക്കുമെന്ന് യു.എസിലെ പ്രശസ്ത ഹ്യൂമന്‍ ജനറ്റിസിസ്റ്റ്ഡോ. ജഫ് വാള്‍ അഭിപ്രായപ്പെട്ടു. ജനിതക മാറ്റത്തെ കുറിച്ചുള്ള വ്യക്തത ലഭിക്കുന്നതോടെ രോഗ നിര്‍ണയം സുഗമമാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുളള വിത്തുകള്‍ വികസിപ്പിച്ചെടുക്കുന്നതിനും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കും കേരള ജീനോം ഡാറ്റാ സെന്റര്‍ ഉപകരിക്കുമെന്ന് കെഡിസ്‌ക് സ്ട്രാറ്റജിക് അഡൈ്വസറും പ്രമുഖ ജീനോമിക് വിദഗ്ദ്ധനുമായ സാം സന്തോഷ് പറഞ്ഞു.
അമിത മദ്യപാനം മൂലം മനുഷ്യ ശരീരത്തിലെ സൂക്ഷ്മാണുക്കളിലുണ്ടാകുന്ന മാറ്റമാണ് ആല്‍കൊഹോളിക് ഹെപ്പറ്റൈറ്റിസ് പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണം. ഇത്തരത്തിലുള്ള രോഗങ്ങള്‍ നിര്‍ണയിക്കുവാനും അവയ്ക്ക് അനുസൃതമായ മരുന്നുകള്‍ കണ്ടെത്തുവാനും മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് സാധിക്കുമെന്ന് ബയോടെക്‌നോളജിസ്റ്റ് ഡോ. സതീഷ് ചന്ദ്രന്‍ സെമിനാറില്‍ പറഞ്ഞു.
പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എബി ഉമ്മന്‍, കേരള സര്‍വ്വകലാശാല കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. രമേശ് ഹരിഹരന്‍, ഡോ. വിനോദ് സ്‌കറിയ, ബാബു ശിവദാസന്‍, ഡോ. മുരളി ഗോപാല്‍, ഡോ. പത്മനാഭ ഷേണായി തുടങ്ങിയവര്‍ സെമിനാറില്‍ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സംസാരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ്, സാം സന്തോഷ്, കെഡിസ്‌ക് എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ.എം എബ്രഹാം, കെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണന്‍, കെഡിസ്‌ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് രാജു റീ തുടങ്ങിയവര്‍ പങ്കെടുത്തു.കെഡിസ്‌ക് ഇന്നവേഷന്‍ ദിനാചരണത്തിന്റെ സമാപന യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മെക്രോബയോം മികവിന്റെ കേന്ദ്രം, ജീനോം ഡാറ്റാ സെന്റര്‍ എന്നിവ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതല്‍കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.