ഇസ്രായേൽ നടപടി അതി കിരാതം: ഡോ. ഹുസൈൻ മടവൂർ

Thiruvananthapuram

തിരുവനന്തപുരം: വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്നലെ നാനൂറിലേറെ ഫലസ്തീനികളെ ബോംബിട്ട് കൊന്ന ഇസ്രയേലിൻ്റെ നടപടി അതി കിരാതവും ക്രൂരവുമാണെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. വഴുതക്കാട് ജുമാ മസ്ജിദിൽ റംസാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ സഹായത്തോടെ നടക്കുന്ന ഈ യുദ്ധം ആരെയും നടുക്കുന്നതാണ്. അമ്പതിനായിരത്തിൽ പരം ഫലസ്തീനികളെയാണ് ഇസ്രയേൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കൊലപ്പെടുത്തിയത്. ഗസ്സയും പരിസരപ്രദേശങ്ങളും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമാണീ യുദ്ധത്തിൽ വധിക്കപ്പെട്ടവരധികവും. ലോക രാഷ്ട്രങ്ങൾ ഈ അതിക്രമത്തിനെതിരിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ഫലസ്തീനിനെ സഹായിക്കുകയും ചെയ്യണം. ഇന്ത്യ മർദ്ദിതരായ ഫലസ്തീനികളുടെ കൂടെ നിൽക്കണം. ഇന്ത്യൻ പാർലിമെൻ്റും കേരള നിയമസഭയും ഇസ്രയേലിൻ്റെ അക്രമത്തെ അപലപിക്കണം.

ഈ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ നന്മകളും നന്മകളും വർദ്ധിപ്പിക്കുകയും മനുഷ്യ സൗഹാർദ്ദം നില നിർത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പീഡിത സമൂഹങ്ങൾക്കും വേണ്ടി ഡോ.ഹുസൈൻ മടവൂർ പ്രത്യേകം പ്രാർത്ഥിക്കുകയും വിശ്വാസികളെല്ലാം പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.