കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എം പി പദവിയില്‍നിന്ന് അയോഗ്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം ഫാഷിസം ഏതറ്റം വരെ പോകാനും തയാറാണെന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദിക്കണമെന്നും ഐ എന്‍ എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. മോദി എന്ന പരാമര്‍ശത്തില്‍ കയറിപ്പിടിച്ച് സൂറത്ത് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് വിധിച്ച രണ്ട് വര്‍ഷത്തെ തടവിന്റെ മറവിലാണ് ഹിന്ദുത്വശക്തികള്‍ നിയന്ത്രിക്കുന്ന ലോക് സഭ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഈ കശാപ്പ് വരും നാളുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനയാണ്. ഇതിന്റെയൊന്നും ഗൗരവം മനസ്സിലാക്കാന്‍ കഴിയാത്ത കേരളത്തിലെ ബുദ്ധിപരമായി വരിയുടക്കപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ആര്‍.എസ്.എസിന് അല്ലേലുയ്യ പാടുന്ന തിരിക്കിലാണെന്ന യാഥാര്‍ഥ്യം ജനാധിപത്യ വിശ്വാസികളെ നടുക്കുകയാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
