തിരുവനന്തപുരം: വിവിധ തൊഴില്‍ മേഖലകളുടെ പ്രവര്‍ത്തനം പരിചയപ്പെടാന്‍ ഇന്ത്യയിലാദ്യമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ‘എക്സ്റ്റേണ്ഷിപ്പ്’ പരിപാടിയുമായി തിരുവനന്തപുരം ലയോള സ്കൂള്‍. തൊഴില്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രൊഫഷണലുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ രൂപപ്പെടുത്തുന്നതിനും സ്വപ്നജോലി തെരഞ്ഞെടുക്കുന്നതിനുമുള്ള ആത്മവിശ്വാസം നല്‍കുകയാണ് എക്സ്റ്റേണ്ഷിപ്പ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ലയോള സ്കൂളിലെ 10, 11 ക്ലാസ് വിദ്യാര്‍ഥികളാണ് ഇതില്‍ ഭാഗമാകുന്നത്.
ഏപ്രില്‍ മൂന്നു മുതലാണ് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നത്. മെഡിസിന്, എന്‍ജിനീയറിങ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്മ്യൂണിക്കേഷന്‍/മീഡിയ, മാനുഫാക്ച്വറിങ്, എക്സ്പോര്‍ട്സ്, കൃഷി, നിയമ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങിയവയിലാണ് പരിശീലനം. ലയോള ഓള്‍ഡ് ബോയ്സ് അസോസിയേഷന് (എല്ഒബിഎ) ആണ് എക്സ്റ്റേണ്ഷിപ്പ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വ്യത്യസ്ത തൊഴില്‍ മേഖലകളെ പരിചയപ്പെടുന്നത് വിദ്യാര്‍ഥികള്‍ക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട ധാരണ ലഭിക്കാനും അതത് മേഖലയിലെ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും സഹായകമാകുമെന്ന് എല്ഒബിഎ പ്രസിഡന്റ് രഞ്ജിത് രവീന്ദ്രന് പറഞ്ഞു. ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലെ ചാരിതാര്‍ഥ്യത്തിലാണ് അലുമിനി അസോസിയേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയോള എക്സ്റ്റേണ്ഷിപ്പ് പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ക്ഷണം സ്വീകരിച്ച സ്ഥാപനങ്ങള്‍ക്ക് ലയോള സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പി.ടി. ജോസഫ് എസ്.ജെ നന്ദി രേഖപ്പെടുത്തി. എവിടി മക്കോര്‍മിക്, ഗ്രണ് അഗ്രോ വെഞ്ചേഴ്സ്, എംഡി നീഷ് മീഡിയ കണ്‍സള്‍ട്ടന്റ്സ്, അനില്‍ ആന്‍ഡ് ഗോപാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്, കെന്നഡിസ് ഐ.ക്യു, നമ്പ്യാര്‍ അസോസിയേറ്റ്സ് ലോ ഫേം, ട്രാവന്‍കൂര്‍ അനലറ്റിക്സ്, ടെറിഫിക് മൈന്‍ഡ്സ് ഇന്‍ആപ്, ഗീതാഞ്ജലി ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ലയോള എക്സ്റ്റേണ്ഷിപ്പ് പരിപാടിയെ പിന്തുണയ്ക്കുന്നതിലും വിദ്യാര്‍ഥികള്‍ക്ക് ഐടി തൊഴില്‍ മേഖല പരിചയപ്പെടുത്തുന്നതിലും സന്തോഷമുണ്ടെന്ന് ടെക്നോപാര്‍ക്കിലെ ഇന്ആപ്പിന്റെ സിഇഒ പി. വിജയകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇത് വിലപ്പെട്ട അനുഭവമാകും. വരും തലമുറയെ പ്രചോദിപ്പിക്കുകയും അവരുടെ കഴിവുകള്‍ വളര്‍ത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.