നല്ല സിനിമകള്‍ നമ്മെകൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കും :പ്രേംകുമാര്‍

Thiruvananthapuram

ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശനപരിപാടിക്ക് തുടക്കമായി.

ലോകക്‌ളാസിക് സിനിമകള്‍ വിശ്വമാനവികതയുടെ പ്രകാശം പരത്തുന്നവയാണെന്നും അവയുടെ ആസ്വാദനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവാന്‍ നമുക്ക് കഴിയുമെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ പറഞ്ഞു.
ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകളുടെ ആസ്വാദനം പുതിയ രീതിയില്‍ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുകയും അവ നമ്മിലെ മാനവികതയെ ഉണര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ പോലുള്ള സിനിമകള്‍ ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരെ നടന്ന പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് ചാപ്‌ളിനെപ്പോലുള്ള കലാകാരന്മാര്‍ നടത്തിയ യുദ്ധവിരുദ്ധ പ്രസ്താവനയാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം പ്രസ് ക്‌ളബിലെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്‌ളാസിക് സിനിമാ പ്രദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്‌ളാസിക് സിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അപൂര്‍വ അവസരമൊരുക്കുകയാണ് ചലച്ചിത്ര അക്കാദമി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 24ന് രാവിലെ 11.30ന് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്‌ളബ് പ്രസിഡന്റ് പ്രവീണ്‍ പി.ആര്‍ അധ്യക്ഷത വഹിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, ഫാക്കല്‍റ്റി അംഗം ഡോ. ബാബു ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ട്രഷറര്‍ ആര്‍.ശ്രീലാല്‍, പ്രസ് ക്‌ളബ് ട്രഷറര്‍ വിനീഷ് വി എന്നിവര്‍ പങ്കെടുത്തു.

ജേണലിസം വിദ്യാര്‍ത്ഥി ഡാനി എ.എസ് നന്ദിപ്രകടനം നടത്തി.

2025 ഏപ്രില്‍ 24,25,26 തീയതികളിലായി നടക്കുന്ന ‘ഫ്രെയിംസ് ഓഫ് ടൈം: എ ജേണി ത്രൂ ദ ഇവല്യുഷണറി ഹിസ്റ്ററി ഓഫ് സിനിമ’ എന്ന ക്‌ളാസിക് സിനിമ പ്രദര്‍ശന പരിപാടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ആദ്യകാല നിശ്ശബ്ദ സിനിമകള്‍, ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍, സിറ്റിസണ്‍ കെയ്ന്‍, സെവന്‍ത് സീല്‍, ഹിരോഷിമ മോണമര്‍, ദ പാഷന്‍ ഓഫ് ജോന്‍ ഓഫ് ആര്‍ക്, ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ തുടങ്ങി 18 സിനിമകളാണ് മൂന്നു ദിവസങ്ങളിലായി അക്കാദമിയിലെ രാമു കാര്യാട്ട് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക.