കോഴിക്കോട്: എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രീയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ പോലും സാധ്യത തേടുന്ന ഫാഷിസ്റ്റ് കാലത്ത് ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓര്ഗനൈസേഷന് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വിദ്യാര്‍ത്ഥി സംഘടന നേതാക്കളുടെ സൗഹൃദ ഇഫ്താര്‍ സംഗമം ആഹ്വാനം ചെയ്തു. സമരപോരാട്ടങ്ങള്‍ക്ക് എന്നും വിളനിലമായിരുന്നതും ഊര്‍ജ്ജം പകര്‍ന്നതും കലാലയങ്ങളാണ്. സ്വാതന്ത്ര കാലത്തെ അനുകരിച്ച് ഐക്യശ്രമങ്ങള്‍ രൂപപ്പെടേണ്ട സാഹചര്യമാണിന്നെന്നും സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ലഹരി മോചനത്തിന് ക്യാംപസുകളില്‍ ഫലപ്രദമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ക്യാംപസുകളിലെ ലഹരി ഉപഭോക്താക്കളല്ലാത്ത ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികളെ ലഹരിക്കെതിരെ അണിനിരത്താനായാല്‍, ക്യാമ്പസില്‍ നടക്കുന്ന കുറഞ്ഞ ശതമാനം ലഹരി ഉപയോഗത്തിന് തടയിടാനാകും. ഫലപ്രദവും കാര്യക്ഷമവുമായ ലഹരി പ്രതിരോധ ബോധവത്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കാനും, പദ്ധതികള്‍ക്ക് തുടര്‍ച്ച ഉണ്ടാവാനും ജാഗ്രത പുലര്‍ത്തണം. ലഹരിക്കെതിരായ ബോധവത്കരണ ശ്രമങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാനാവശ്യമായ ബോധപൂര്‍വമായ ഇടപെടലുകള്‍ കൂടി ഉണ്ടാകണമെന്നും സംഗമം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ വലിയ അളവില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമകളാകുന്നത് ഭീതി ജനകമാണ്. വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും ഇടക്കാല ക്യാമ്പയിനുകള്‍ കൂടാതെ ദീര്‍ഘകാല പ്ലാനുകള്‍ ഉണ്ടാവണമെന്നും സംഗമം കൂട്ടി ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയരുന്ന അരാഷ്ട്രീയ വാദ പ്രവണത അഭിലഷണീയമല്ല. വിദ്യാര്‍ത്ഥി തലമുറയില്‍ ജനാധിപത്യ ബോധം ജനിപ്പിക്കാനും സാമൂഹ്യ പ്രതിബദ്ധത വളര്‍ത്താനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും സംഗമം ആവശ്യമുയര്‍ത്തി.
സംഗമം തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂര്‍ അധ്യക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന നിര്‍വാഹക സമിതി അംഗം സി. മുഹമ്മദ് അജ്മല്‍ എന്നിവര്‍ അതിഥികളായി.
ജനറല്‍ സെക്രട്ടറി മുഹമ്മദ് ശമീല്‍ ടി., ട്രഷറര്‍ മുഹമ്മദ് ശബീബ്, ഭാരവാഹികളായ ഡോ. ഷഹബാസ് കെ. അബ്ബാസ്, ഡോ. അബ്ദുല്ല ബാസില്‍ സി.പി., അസ്ഹര്‍ അബ്ദുല്‍ റസാക്ക്, പി.ഒ. ഫസീഹ്, അബ്ദുല്‍ മാജിദ് ചുങ്കത്തറ, ഖാലിദ് വെള്ളില, ജസീല്‍ മദനി കൊടിയത്തൂര്‍, മുജാഹിദ് പറവണ്ണ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനുരാഗ് കെ.വി. (എസ്.എഫ്.ഐ.), മുഹമ്മദ് ഷമ്മാസ് (കെ.എസ്.യു.), പി. മുസ്തഫ (എം.എസ്.എഫ്.), പി. കബീര്‍ (എ.ഐ.എസ്.എഫ്.), ആദില്‍ നസിഫ് (എം.എസ്.എം. മര്കസുദ്ധഅവ), അഡ്വ. റഹ്മാന് ഇരിക്കൂര്‍ (എസ്.ഐ.ഒ.), കെ.എം. ഷെഫ്രിന്‍ (ഫ്രറ്റെര്‍ണിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.