ടി പി അബ്ദുല്ല കോയ മദനി (കെ എൻ എം സംസ്ഥാന പ്രസിഡന്റ്)
കെ എൻ എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായിരുന്ന എം മുഹമ്മദ് മദനി യുടെ വിയാഗം അങ്ങേയറ്റം വിഷമമുണ്ടാക്കുന്ന കാര്യമാണ്. പതിറ്റാണ്ടുകളായി കൂടെ നടന്ന് പ്രവർത്തിച്ച ഒരു വ്യക്തിയെന്ന നിലയിൽ പ്രത്യേകിച്ചും.പുളിക്കൽ മദീനത്തുൽ ഉലൂമിൽ ഞങ്ങൾ ഒരേ കാലത്താണ് പഠിക്കുന്നത്.
സമുദായിക ഐക്യം കാത്ത് സൂക്ഷിക്കുന്നതിൽ മദനിയുടെ പങ്ക് നിസ്തുലമാണ്. മുസ്‌ലിം ലീഗിനെ അങ്ങേയറ്റം സ്നേഹിച്ചു. ചന്ദ്രിക പത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നു മദനി. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ എല്ലാവരും ഓർക്കുന്നു.മസപ്പിറവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നബി ചര്യ പരിചയപ്പെടുത്തുന്നതിൽ മദനി വലിയ പങ്ക് വഹിച്ചു. ഈ രംഗത്ത് പരമാവധി പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് മദനി ശ്രമിച്ചത്.
വളരെ ചെറുപ്പം മുതൽ തന്നെ നല്ലൊരു പ്രഭാഷകൻ ആയിരുന്നു മദനി. പുളിക്കൽ മദീനത്തുൽ അറബി കോളേജിൽ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ അദ്ദേഹത്തെ അവിടെ അധ്യാപകനായി നിയോഗിച്ചു. മദീനത്തുൽ ഉലൂമിന്റെ ഒരു രീതി അക്കാലത്ത് അങ്ങനെ ആയിരുന്നു. പഠനത്തിൽ മികച്ച നേതൃഗുണമുള്ള വിദ്യാർത്ഥികളെ പഠനം കഴിഞ്ഞാൽ അവിടെ തന്നെ നിയോഗിക്കും. അക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാപനമായിരുന്നു പുളിക്കൽ മദീനത്തുൽ ഉലൂം.ദൈനംദിന കാര്യങ്ങൾക്ക് തന്നെ സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന അക്കാലത്ത് അവിടെ അധ്യാപന ജോലിയെടുക്കുക എന്ന് പറഞ്ഞാൽ അത് തികച്ചും സൗജന്യമായ സേവന പ്രവർത്തനം തന്നെയായിരുന്നു.
മുജാഹിദ് യുവജന പ്രസ്ഥാനമായ ഐ എസ് എം ന്റെ തുടക്കത്തിൽ സംസ്ഥാന പ്രസിഡന്റ് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യുവാക്കളിൽ മത ബോധമുണ്ടാക്കുന്ന മദനിയുടെ ഉദ്‌ബോധന ക്ലാസ്സുകൾ അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു.യുവജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. മുജാഹിദ് പ്രസ്ഥാനത്തിലെ മുൻ നിര പ്രഭാഷകനായി പിന്നീട് മദനി മാറി.സാധാരണകാർക്കിടയിൽ പരലോക ബോധം ഉണ്ടാക്കുന്നതിൽ മദനിയുടെ പ്രഭാഷണങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്
ചെറുവാടി ഗവർമെന്റ് സ്കൂളിൽ ജോലി ലഭിച്ച മദനി അധികം വൈകാതെ അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ അധ്യാപകനായി. കെ എൻ എം മുൻ ജനറൽ സെക്രട്ടറിയും സുല്ലമുസ്സലാം കോളേജ് പ്രിൻസിപ്പലുമായിരുന്ന മർഹൂം കെ പി മുഹമ്മദ് മൗലവിയുടെ കീഴിൽ സുല്ലമുസ്സലാം അറബി കോളേജിൽ ദീർഘകാലം അധ്യാപകനായി. അരീക്കോട് പ്രദേശത്ത് പ്രബോധന പ്രവർത്തനങ്ങളിൽ മദനി നിറഞ്ഞു നിന്നു.
ഇന്ന് മത, വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും മദനിയുടെ ശിഷ്യന്മാരാണ്. വശ്യമായ പെരുമാറ്റം കൊണ്ട് ഒരു പ്രാവശ്യം പരിചയപെട്ടവരെ പോലും സുഹൃത്തായി സ്വീകരിക്കുന്ന പ്രകൃതമായിരുന്നു മുഹമ്മദ് മദനിയുടേത്.
വിദ്യാർഥികളെയും സഹ പ്രവർത്തകരെയും എപ്പോഴും ചേർത്ത് പിടിക്കുന്ന മദനിക്ക് പ്രസ്ഥാന ബന്ധുക്കൾക്ക് പുറമെ വലിയൊരു സുഹൃദ് വലയം തന്നെയുണ്ട്.
അരീക്കോട് സുല്ലമുസ്സലാം അറബി കോളജിൽ അധ്യാപകൻ ആയിരിക്കെ കേരള ജംഇയ്യത്തുൽ ഉലമാ നേരിട്ട് നടത്തുന്ന പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിന്റെ പ്രിൻസിപ്പൽ ആയി നിയമിക്കപ്പെട്ടു.
മദീനത്തുൽ ഉലൂം യതീംഖാനയുടെ കറസ്പോണ്ടെന്റ് കൂടി ആയിരുന്നു അദ്ദേഹം. അക്കാലത്ത് ധാരാളം വികസന പ്രവർത്തനങ്ങൾക്ക് മദനി നേതൃത്വം നൽകി.
കുറച്ചു കാലം അബുദാബി ഇസ്‌ലാഹി സെന്ററിൽ പ്രബോധകനായും അദ്ദേഹം സേവനമനുഷ്ഠി ച്ചിട്ടുണ്ട്. അക്കാലത്ത് അബുദാബി സ്കൂളിലും മദനി ജോലി ചെയ്തിരുന്നു.
മനസ്സിനെ സ്പർശിക്കുന്ന മദനിയുടെ പ്രഭാഷണങ്ങൾ ആയിരകണക്കിന് പ്രവാസികളെ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസി സുഹൃത്തുക്കളുമായി മരണം വരെ ബന്ധം കാത്ത് സൂക്ഷിക്കുന്നതിൽ മദനി പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു.
പുളിക്കൽ മദീനത്തുൽ ഉലൂമിൽ നിന്നും റിട്ടയർ ചെയ്ത മദനി കെ എൻ എം സംസ്ഥാന സമിതി നേരിട്ട് നടത്തുന്ന എടവണ്ണ ജാമിഅ നദ് വിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തു. ജാമിഅയെ വികസനത്തിലേക്ക് നയിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു
കെ എൻ എം സെക്രട്ടറിയും കെ ജെ യു സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച മദനി കെ എൻ എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായി.
കോഴിക്കോട്ടെ പ്രശസ്തമായ ഖലീഫ മസ്ജിദിൽ അദ്ദേഹം നടത്തുന്ന ജുമുഅ ഖുതുബ കേൾക്കാൻ ധാരാളം പേർ വന്നെത്തുമായിരുന്നു. കോഴിക്കോട് മാലാപ്പറമ്പ് ഇഖ്റ മസ്ജിദിലും മദനി ജുമുഅ ഖുതുബ നടത്തിയിരുന്നു.
എം മുഹമ്മദ് മദനിയുടെ നാടായ കൊടിയത്തൂരിൽ 1989 ൽ നടന്ന മുബാഹലക്ക് നേതൃത്വം നൽകിയത് മദനി ആയിരുന്നു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായി നടന്ന മുബാഹലക്ക് മുസ്‌ലിം ഐക്യ…