പെരുന്നാള്‍ വെള്ളിയാഴ്ചയെന്ന് ഹിജറ കമ്മിറ്റി; മാസപ്പിറവി വിഷയം കേവലം നോമ്പ് പെരുന്നാള്‍ പ്രശ്‌നമായി കാണരുത്

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: മാസപ്പിറവി വിഷയത്തെ കേവലം നോമ്പ് പെരുന്നാള്‍ പ്രശ്‌നമായിട്ടല്ല ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ കാണുന്നതെന്നും മറിച്ച് ശാസ്ത്രീയമായ ഒരു ഇസ്‌ലാമിക കലണ്ടര്‍ സംവിധാനത്തെ, ഇല്ലാത്ത കാപ്പാട് കടപ്പുറം കാഴ്ചകളിലൂടെ അട്ടിമറിക്കുന്നതിനെതിരായ ബോധവല്‍ക്കരണമാണ് കമ്മിറ്റി വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൂര്യാസ്തമയശേഷം കുറഞ്ഞത് നാല്‍പത്തിയെട്ട് മിനിറ്റെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടെങ്കിലേ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ കാണാന്‍ കഴിയുവെന്നതാണ് ഇതുവരെയുള്ള അനുഭവസാക്ഷ്യവും ശാസ്ത്രയാഥാര്‍ത്ഥ്യവും. ഇതിന് വിരുദ്ധമായി 48 മിനിറ്റില്‍ കുറഞ്ഞ സാന്നിദ്ധ്യമുള്ള
സമയത്തും ചന്ദ്രനെ കണ്ടു വെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഖാദിമാരും പണ്ഡിതന്‍മാരും നോമ്പും പെരുന്നാളുകളും നിലവില്‍ പ്രഖ്യാപിക്കുന്നത്. ഗോളശാസ്ത്രം ഉള്‍പെടെ നിരവധി ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധയെ ക്ഷണിക്കുന്ന വിശുദ്ധ ഖുര്‍ആനും പ്രവാചക മാതൃകയും തിയ്യതികള്‍ തീരുമാനിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിക്കുന്നതിന് ഒരിക്കലും എതിരല്ല. സൂര്യചന്ദ്രഗോളങ്ങളുടെ അനുസ്യൂതമായ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാലഗണനാ തിയ്യതികളെ സ്വന്തം വരുതിയിലാക്കാന്‍ ശ്രമിക്കുന്ന പണ്ഡിതന്‍മാരുടെയും നേതാക്കളുടെയും പരിഹാസ്യശ്രമങ്ങളെ വിശ്വാസിസമൂഹവും, പൊതുസമൂഹവും തള്ളിക്കളയണമെന്നും ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ചയായിരിക്കുമെന്നും കോഴിക്കോടടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കാപ്പാട് കടപ്പുറത്ത് സ്ഥിരമായി ‘മാസപ്പിറവി കാണുന്നത്’ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ഹിജ്‌റ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസപ്പിറവി കണ്ടെന്ന പേരില്‍ സ്ഥിരമായി റമദാന്‍ വ്രതവും പെരുന്നാളുകളും പ്രഖ്യാപിക്കുന്ന കേരളത്തിലെ ഖാദിമാരുടെയും പണ്ഡിതന്‍മാരുടെയും രീതി പ്രമാണവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. ഏതെങ്കിലും ഖാദിമാരോ പണ്ഡിതന്‍മാരോ കേരളത്തിലെ വിവിധ സംഘടനകളുടെ നേതാക്കളോ പ്രവര്‍ത്തകരോ ആരും തന്നെ നേരിട്ട് പിറവി കണ്ടതായി അവകാശപ്പെട്ട് ഇതുവരെ രംഗത്ത് വന്നിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരെ മാധ്യമങ്ങള്‍ക്ക് മുന്നിലോ ശാസ്ത്രസമൂഹത്തിന് മുന്നിലോ ഹാജരാക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോഗ്രാഫിക്‌സ് ഓഫീസ് പ്രസിദ്ധീകരിക്കുന്ന നോട്ടിക്കല്‍ അല്‍മനാക്ക് അടിസ്ഥാനമാക്കിയുള്ള ചാന്ദ്രമാസതിയ്യതികള്‍ ശാസ്ത്രീയമായതിനാല്‍ സര്‍ക്കാര്‍ കലണ്ടറുകള്‍ പൊതുകലണ്ടറുകള്‍ എന്നിവയില്‍ ആ തിയ്യതികള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ഹിജ്‌റ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എസ്. ഷംസുദ്ദീന്‍, ഡോ. കോയക്കുട്ടി ഫാറൂഖ്, വി.പി. ഫിറോസ് എന്നിവര്‍ പങ്കെടുത്തു.