കോഴിക്കോട്: കെ. മുരളീധരനെ അവഗണിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ നേതൃത്വവുമായി സംസാരിക്കണമെന്നും നേതാക്കള്‍ ലക്ഷ്മണ രേഖ കടക്കരുതെന്നും പാര്‍ട്ടി പുനഃസംഘടന വൈകില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കള്‍ പരസ്യപ്രസ്താവന നടത്താന്‍ പാടില്ല.
കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതു പാര്‍ട്ടിയ്ക്കകത്തു ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. അല്ലാതെ പൊതുവേദികളില്‍ അല്ല. പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ എം പിമാരായ കെ. മുരളീധരനും എം. കെ. രാഘവനും എതിരായി ഹൈക്കമാന്‍ഡ് നോട്ടീസൊന്നും നല്‍കിയിട്ടില്ല. അതിന്റെ ആവശ്യമില്ല. ലക്ഷ്മണരേഖ ലംഘിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കെ. മുരളീധരനെ നേതൃത്വം അവഗണിച്ചുവെന്ന് പറയുന്നത് ശരിയല്ല. നേതൃത്വത്തിന് അദ്ദേഹത്തിന്റെ കാര്യത്തില്‍ എതിരഭിപ്രായമില്ല. അദ്ദേഹം കഴിഞ്ഞ ദിവസം കല്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുകൂടി പരിഗണിച്ചാവും പാര്‍ട്ടി പുനഃസംഘടന നടത്തുക. പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. മുകള്‍ തട്ടുമുതല്‍ താഴെതലം വരെ പുനസംഘടനയുണ്ടാവും. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ ചെയ്തികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കും. മോദി അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ ഗൂഢാലോചന നടക്കുകയാണ്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും രാഹുല്‍ഗാന്ധിയെ അനുവദിച്ചില്ല. രാജ്യത്തെ ജധാധിപത്യവും മതേതരത്വവും അപകടത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ പുരോഹിതന്മാരെ തേടിയുള്ള സന്ദര്‍ശനം ബി ജെ പിയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതുന്നില്ലെന്നും ബി ജെ പിയുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു.