തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ഐസിഫോസുമായി സഹകരിച്ച് ഏപ്രില്‍ 25 മുതല്‍ 29 വരെ നടത്തിവരുന്ന ഓണ്‍ലൈന്‍ മലയാളം നിഘണ്ടു എഡിറ്റിങ് ശില്പശാല ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കാര്യവട്ടത്തെ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രത്തില്‍ (ഐസിഫോസ്) നടന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം. അധ്യക്ഷത വഹിച്ചു. ഐസിഫോസ് പ്രോഗ്രാം ഹെഡ് ഡോ. ആര്‍. ആര്‍. രാജീവ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ഭാഷാശാസ്ത്ര വിഭാഗത്തിലെ ഡോ. എം ശ്രീനാഥന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ. ആര്‍. സരിതകുമാരി എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 26ന് ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പുസ്തക പ്രകാശനോല്‍സവത്തില്‍ 8 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ശില്പശാല 29ന് സമാപിക്കും.