ബി ജെ പിക്കാരുടെ നോമിനികള്‍ വേണ്ട; മുഹമ്മദ് ഷാഫി ഉള്‍പ്പടെ നാലുപേരുടെ നാമനിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി

India

ബംഗളുരു: അധികാരത്തിനൊപ്പം ചായുന്നവരെ വേണ്ടെന്ന നിലപാടിലുറച്ച് കര്‍ണാടകയിലെ സര്‍ക്കാര്‍. സിദ്ധരാമയ്യ സര്‍ക്കാറില്‍ നിന്നും ഇത്തരത്തില്‍ ആദ്യം പണി കിട്ടിയത് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന മുഹമ്മദ് ഷാഫി സഅദിക്കും കൂട്ടാളികള്‍ക്കുമാണ്. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ഷാഫി സഅദി ഉള്‍പ്പെടെ നാലുപേരുടെ നാമനിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.

ഷാഫി സഅദിക്ക് പുറമെ വഖഫ് ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി യാക്കൂബ്, ഐ എ എസ് ഓഫീസര്‍ സെഹ്‌റ നസീം എന്നിവരുടെ നോമിനേഷനാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. നിലവില്‍ ബി ജെ പി നോമിനിയായാണ് ഷാഫി സഅദി വഖഫ് ബോര്‍ഡ് ചെയര്‍മാനായത്. ബി ജെ പി ഭരിച്ച കാലത്ത് അവരുടെ സഹയാത്രികനായ ഇദ്ദേഹം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിക്കുകയും പ്രശംസ ചൊരിയുകയും ചെയ്ത ഷാഫി സഅദി പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാറില്‍ മുസ്ലിം ആയ ആള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് വരെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബി ജെ പിയോഗം വിളിച്ചു ചേര്‍ത്ത കര്‍ണാടക മുസ്ലിം ജമാഅത്ത് അംഗങ്ങളെ നേരത്തെ തന്നെ കോണ്‍ഗ്രസ് നോട്ടമിട്ടിരുന്നു. ഈ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ് ഷാഫി സഅദി. അതിനാല്‍ തന്നെ കോണ്‍ഗ്രസിനെ പ്രശംസിച്ചതും നേതാക്കളെ സന്ദര്‍ശിച്ചതും ഫലം കണ്ടില്ലെന്നാണ് സര്‍ക്കാറിന്റെ തീരുമാനത്തിലൂടെ പുറത്തുവന്നത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നായതോടെ മുസ്ലിം ഉപമുഖ്യമന്ത്രിയും പ്രധാന വകുപ്പുകളും വേണമെന്ന ആവശ്യം ഷാഫി സഅദി ഉന്നയിച്ചത് ഹിന്ദു സംഘടനകള്‍ ആയുധമാക്കിയിരുന്നു. കേരളത്തിലെ കാന്തപുരം വിഭാഗത്തിന്റെ കര്‍ണാടകയിലെ നേതാവ് കൂടിയാണ് മുഹമ്മദ് ഷാഫി സഅദി.