അറവുമാലിന്യ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ജനവാസ മേഖലയില്‍; ജീവിതം ദുരിതത്തിലായി ഒരുകൂട്ടം മനുഷ്യര്‍

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറവുമാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ജീവിതം ദുരിതത്തിലായി ഒരുകൂട്ടം മനുഷ്യര്‍. മുട്ടില്‍ കൊളവയലിലെ മാനിക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന അറവുമാലിന്യ പ്ലാന്റാണ് ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുന്നത്. പരാതികളും നിവേദനങ്ങളും ഒരുപാട് നല്‍കിയെങ്കിലും നടപടിയില്ലാതെ വന്നതോടെ സമരത്തിലാണ് ഇവിടെയുള്ള ജനങ്ങള്‍. അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടുന്നത് വരെ പ്ലാന്റിന് മുമ്പില്‍ നടക്കുന്ന രാപ്പകല്‍ സമരം തുടരുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധംമൂലം പ്രദേശവാസികള്‍ക്ക് ജീവിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാലിത്തീറ്റ പ്ലാന്റെന്ന വ്യാജേനയാണ് മാലിന്യ പ്ലാന്റ് പ്രദേശത്ത് തുടങ്ങിയത്. അതുകൊണ്ടാണ് തുടക്കത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കാതിരുന്നത്.

ദിനം പ്രതി 16 ഓളം വാഹനങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം വീടിന് അകത്തും പുറത്തും ഇരിയ്ക്കാനാവാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. വെറും പത്ത് മീറ്റര്‍ അകലെയുള്ള മാനിക്കുനി പുഴയിലേക്കാണ് പ്ലാന്റില്‍ നിന്നുള്ള മലിനജലം തുറന്നുവിടുന്നത്. പ്രദേശവാസികള്‍ കുടിയ്ക്കാനും കുളിയ്ക്കാനും ഉപയോഗിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. കിണറുകളിലെ ജലവും ഉപയോഗിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുട്ടികളും വൃദ്ധരുമടക്കം പുഴയില്‍ നിന്ന് കുളിച്ച പലര്‍ക്കും ചാെറിച്ചിലും മറ്റ് അസുഖങ്ങളുമുണ്ടായി. വീട്ടിലിരുന്ന് ഓക്കാനിക്കാതെ ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. കുട്ടികളുടെ പഠനവും അവതാളത്തിലായി.

മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് വാര്‍ഡുകളില്‍പ്പെട്ട കൊളവയല്‍, കാര്യമ്പാടി, വാര്യാട്, ഒളവത്തൂര്‍, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലെ 400 ഓളം കുടുംബങ്ങളുടെ ജീവിതമാണ് പ്ലാന്റ് നരകതുല്യമാക്കിയത്. ഈ സാഹചര്യത്തില്‍ ശുദ്ധമായ കുടിവെള്ളവും വായുവും ലഭ്യമാക്കന്നമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്ലാന്റിന് മുമ്പില്‍ രാപ്പകല്‍ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് പ്രദേശം സന്ദര്‍ശിച്ച ഉന്നതോദ്യോഗസ്ഥര്‍ക്കെല്ലാം നാട്ടുകാരുടെ ദുരിതം ബോധ്യപ്പെട്ടതാണ്. അധികം താമസിയാതെ പ്ലാന്റ് അടച്ചുപൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരവാഹികളായ ബാബു പിണ്ടിപ്പുഴ, വി.എന്‍. ഇന്ദിര, ഡയാനാ ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.