വിദ്യാഭ്യാസ മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങി ബീഹാര്‍

Analysis

ബീഹാര്‍ കത്ത്: ഡോ.കൈപ്പാറേടന്‍

വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തു തന്നെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ബീഹാര്‍ സംസ്ഥാനം പൊതു വിദ്യാഭ്യാസ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ആസൂത്രണക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തി എഴുപത്തിയെണ്ണായിരം അധ്യാപകരെ ഉടനടി നിയമിക്കുന്നതിന് ബിഹാര്‍ മന്ത്രിസഭ ഉത്തരവിട്ടു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മെയ് 10 നകം പ്രഖ്യാപിക്കും.

ആസൂത്രണ വകുപ്പിന്റെ ശുപാര്‍ശകള്‍ പ്രകാരം ബീഹാര്‍ ടീച്ചര്‍ സര്‍വീസ് റെഗുലേഷന്‍സ് 2023 നും ഇന്നലത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബിപിഎസ്‌സി) വഴിയാവും 178,036 അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് നടക്കുക.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യാപക നിയമനത്തിനായുള്ള ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശം RJD നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അവതരിപ്പിച്ചത് ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. ബിപിഎസ്‌സി റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ പരസ്യം മെയ് അവസാന വാരത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കുമെന്ന് തേജസ്വി യാദവ് അറിയിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയ ജൂലൈ അവസാനത്തോടെ പൂര്‍ത്തീകരിക്കും. ഇതോടെ മുഴുവന്‍ ബീഹാറികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസമെന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാവുമെന്ന് തേജസ്വി പറഞ്ഞു.

1 മുതല്‍ 5 വരെ ക്ലാസുകളിലേക്ക് 85,477 അദ്ധ്യാപക തസ്തികകളും 6 മുതല്‍ 8 വരെ ക്ലാസുകളിലേക്ക് 1,745 തസ്തികകളും സൃഷ്ടിക്കാനാണ് ക്യാബിനറ്റ് അനുമതി നല്‍കിയിട്ടുള്ളത്. 9, 10, 11, 12 ഗ്രേഡുകളിലായി 90,804 തസ്തികകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും (TET) സ്‌റ്റേറ്റ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും (STET) വിജയിച്ചവര്‍ക്ക് അധ്യാപക നിയമനത്തിനായി ബിപിഎസ്‌സി പരീക്ഷക്ക് അപേക്ഷിക്കാം. 1 മുതല്‍ 5 വരെ ക്ലാസുകളില്‍ അധ്യാപകരുടെ അടിസ്ഥാന ശമ്പളം 25,000 രൂപ ആയിരിക്കും. അപ്പര്‍ െ്രെപമറി ക്ലാസുകളില്‍, അതായത്, 6 മുതല്‍ 8 വരെ, ക്ലാസ്സുകളില്‍ നിയമിക്കപ്പെടുന്ന 1,745 അധ്യാപകരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആയിരിക്കും. 9,10 ക്ലാസുകളിലെ 33,186 അധ്യാപകരുടെ അടിസ്ഥാന ശമ്പളം 31,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ അതായത് 11, 12 ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന 57,618 അധ്യാപകരുടെ അടിസ്ഥാന ശമ്പളം 32,000 രൂപയായിരിക്കും.

അധ്യാപകരെ നിയമിച്ചതിന് ശേഷമാണ് ബീഹാര്‍ ടീച്ചര്‍ റിക്രൂട്ട്‌മെന്റ് റെഗുലേഷനിലെ പുതിയ ചട്ടങ്ങള്‍ പ്രകാരം അടിസ്ഥാന ശമ്പളത്തിനു പുറമേയുള്ള അധിക ശമ്പളം നിര്‍ണ്ണയിക്കപ്പെടുക. പ്രതിദിന അലവന്‍സ്, ഹൗസിംഗ് അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നിവയാണ് ഇങ്ങനെ അധികമായി നല്‍കപ്പെടുക. 42 ശതമാനമാണ് നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഡിഎ.

അതേസമയം ഹൗസിംഗ് അലവന്‍സ് 4 മുതല്‍ 16 ശതമാനം വരെ ലഭ്യമാകും. മെഡിക്കല്‍ അലവന്‍സ് 1,000 രൂപയാണ്. ഇവയെല്ലാം ചേര്‍ത്ത ശേഷമുള്ള തുകയില്‍ നിന്നും ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള 1,800 രൂപ പ്രതിമാസം കുറയ്ക്കും. ബാക്കി തുക എല്ലാ മാസവും ശമ്പളമായി ലഭിക്കും.