നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റയില്‍ അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശനം

Wayanad

കല്പറ്റ: ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നു. പിണങ്ങോട് റോഡിലുള്ള എന്‍ എം ഡി സി ഹാളില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ വൈകീട്ട് 5.30ന് പ്രദര്‍ശനം നടക്കും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയതും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചതുമായ വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ കാഴ്ച്ചകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പാലസ്തീന്‍ ജനതയുടെ തീഷ്ണാനുഭവങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ അവതരിപ്പിച്ച പാലസ്തീന്‍ ചലച്ചിത്ര സംവിധായിക മായ് മസ്രി (Mai Msari) യുടെ 3000 നൈറ്റ്‌സ് (3000 Nights) എന്നിവ സെപ്റ്റംബര്‍ 22 നും 2021 ല്‍ പുറത്തിറങ്ങി ബെസ്റ്റ് പിക്ച്ചര്‍, ബെസ്റ്റ് അഡോപ്റ്റിങ് സ്‌ക്രീന്‍ പ്ലേ, ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്റ്റര്‍ എന്നീ അക്കാദമി ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ച അമേരിക്കന്‍ സംവിധായിക സിയോണ്‍ ഹെഡറിന്റെ(Sian Heder) കോഡ (coda) എന്നീ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 23നും പ്രദര്‍ശിപ്പിക്കും.

ബധിര ദമ്പതികള്‍ക്കും മകനുമിടയില്‍ കേള്‍വി ശേഷിയുള്ള മകള്‍ റൂബി കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം തന്നില്‍ ഒളിഞ്ഞിരിക്കുന്ന അഭിനിവേശമായ ഗായികയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് കോഡ സിനിമയുടെ ഇതിവൃത്തം. മലയാള സബ്‌ടൈറ്റലോടെയാണ് രണ്ട് സിനിമകളും പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ചലച്ചിത്ര പ്രേമികള്‍ക്കും ചിത്രം കാണുന്നതിനായി സൗകര്യം ഒരുക്കിയതായി നേതി ഫിലിം ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.