അഷറഫ് ചേരാപുരം
ദുബൈ: മാപ്പിളപ്പാട്ടിന്റെ കുലപതിയും മലയാളിയുടെ അഭിമാനവുമായിരുന്ന എരഞ്ഞോളി മൂസ വിടവാങ്ങിയിട്ട് ഒരാണ്ടു കൂടി പിന്നിടുന്നു. 1940 മാര്‍ച്ച് പതിനെട്ടിന് ജനിച്ച മൂസ 2019 മെയ് 6നാണ് വിടവാങ്ങിയത്. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ‘വലിയകത്ത് മൂസയാണ് എരഞ്ഞോളി മൂസയായി മാറിയത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസയുടെ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് എന്നും പ്രിയപ്പെട്ട പാട്ടുാകാരനായിരുന്നു മൂസ.
ജീവിതം പാടുന്ന ഗ്രാമഫോണ്‍ എന്ന ആത്മകഥ അദ്ദേഹത്തിന്റെതായി ഡി സി ബുക്‌സ് പ്രസിദ്ദീകരിച്ചിട്ടുണ്ട്. അവസാനകാലത്ത് വാര്‍ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന മൂസ, ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയിലേക്ക് മാറ്റുകയും അവിടെവെച്ച് 2019 മെയ് 6ന് ഉച്ചയ്ക്ക് അന്തരിക്കുകയുമായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 79 വയസ്സായിരുന്നു. കെട്ടുകള്‍ മൂന്നും കെട്ടി എന്ന പാട്ടുപാടി മരണത്തെയും ഈ ലോക ജീവിതത്തെയും ഓര്‍മിപ്പിച്ച മൂസ തലശേരി മട്ടാമ്പ്രം പള്ളിയിലെ മൈലാഞ്ചിച്ചെടിക്കരികില്‍ കിടക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ തഴുകിത്തലോടിവരുന്ന കടല്‍ക്കാറ്റേറ്റ്.