അറവ് മാലിന്യ പ്ലാന്‍റിനെതിരെയുള്ള സമരം: മലിനീകരണ നിയന്ത്രണ ഓഫിസ് ഉപരോധിച്ചു

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: കൊളവയലിലെ അറവ് മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പായില്ല. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുട്ടില്‍ പഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പ്രസിഡന്റടക്കം മുഴുവന്‍ അംഗങ്ങളും മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്ന നിലപാടെടുത്തു. എന്നാല്‍ ഇതിനുള്ള അധികാരം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് മാത്രമാണെന്ന നിലപാട് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു.

പിന്നീട് പഞ്ചായത്ത് പ്രസിഡന്റ്് നസീമ മാങ്ങാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷ സുധാകരന്‍, പഞ്ചായത്ത് അംഗം അഷ്‌റഫ് മടക്കി, സമരസമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര, കണ്‍വീനര്‍ ബാബു പിണ്ടിപ്പുഴ എന്നിവര്‍ ചേര്‍ന്ന് കല്പറ്റയിലെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ ഓഫിസിലെത്തി. മാസിന്യ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചെങ്കിലും പ്രശ്‌നം ചര്‍ച്ച ചെയ്യാനോ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് മലിനീകരണ നിയന്ത്രണ ഓഫിസിന് മുന്നില്‍ സമരക്കാരും പഞ്ചായത്ത് ഭരണസമിതിയും കുത്തിയിരിപ്പ് നടത്തി. തുടര്‍ന്ന് സ്ഥലത്തിയ പൊലീസുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നത്തില്‍ കലക്ടര്‍ ഇടപെടാമെന്ന് ഉറപ്പുലഭിച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞത്. തീരുമാന പ്രകാരം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കലക്ടറുമായി ചര്‍ച്ച നടക്കുമെന്ന് സമരസമിതി അറിയിച്ചു.