യുവഡോക്ടറുടെ മരണത്തെ അപമാനിച്ച ആരോഗ്യമന്ത്രിയെ വഴിയില്‍ തടയും: യൂത്ത് കോണ്‍ഗ്രസ്

Wayanad

കല്പറ്റ: യുവ ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി. കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ക്ക് ഉണ്ടായ ദാരുണ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഡോക്ടറുടെ കൊലപാതകത്തെ ന്യായീകരിച്ചും അപമാനിച്ചും സംസാരിച്ച ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി. പ്രതിഷേധ സംഗമം കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. കേരള വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ജഷീര്‍ പള്ളിവയല്‍, അരുണ്‍ ദേവ് സി എ, ഡിന്റോ ജോസ്, ഷാഫി പുല്‍പ്പാറ, മുബാരീഷ് ആയ്യാര്‍, ശ്രീജിത്ത് കുപ്പാടിത്തറ, സുനീര്‍ ഇത്തിക്കല്‍, പ്രതാപ് കല്പറ്റ, അര്‍ജുന്‍ദാസ്, മുഹമ്മദ് ഫെബിന്‍, ഷമീര്‍ എമിലി, രഞ്ജിത്ത് ബേബി, ഫാത്തിമ സുഹറ, ഷൈജല്‍ ബൈപ്പാസ്, അമിത രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.