‘ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ ‘ പ്രദര്‍ശനം ഫെബ്രുവരി 6-നു തുടങ്ങും

Malappuram

കൊണ്ടോട്ടി,: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ദശവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ’ പ്രദര്‍ശനം ഫെബ്രുവരി 6-ന് ചൊവ്വാഴ്ച അക്കാദമി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പ്രദര്‍ശനം നടക്കുന്ന ദിവസങ്ങളില്‍ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രക്കാരന്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്തിട്ടുള്ള ‘ഗാന്ധി’ സിനിമ അക്കാദമിയിലെ ടി.എ. റസാക്ക് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനങ്ങള്‍ ഫെബ്രുവരി 11-നു സമാപിക്കും.’ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ ‘ പ്രദര്‍ശനം ഫെബ്രുവരി 6-നു തുടങ്ങും.

ഗാന്ധിജിയുടെ ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എടുത്തിട്ടുള്ളതും ഗിന്നസ് റിക്കാര്‍ഡ് ജേതാവ് സലീം പടവണ്ണയുടെ ശേഖരത്തില്‍ ഉള്‍പ്പെട്ടവയുമായ ആയിരത്തോളം ഫോട്ടോകള്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ കുട്ടിക്കാലം, വിദ്യാഭ്യാസകാലം, ദക്ഷിണാഫ്രിക്കന്‍ കാലം, ദണ്ഡിയാത്ര, ഉപ്പുസത്യാഗ്രഹം, വട്ടമേശ സമ്മേളനങ്ങള്‍, ക്വിറ്റിന്ത്യാ സമരം, നിരാഹാര സമരങ്ങള്‍, ജയില്‍ ജീവിതം തുടങ്ങി മരണം വരെയുള്ള ചരിത്ര ഘട്ടങ്ങള്‍ ഫോട്ടോകളിലൂടെ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെടും. അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയം, മലബാര്‍ സമരം ഫോട്ടോ ഗാലറി, കൊണ്ടോട്ടി നേര്‍ച്ച ഫോട്ടോ ഗാലറി എന്നിവ മൊത്തത്തില്‍ കാണുന്നതിന് നിലവിലുള്ള പാസ് ഉപയോഗിച്ച് തന്നെ ഫോട്ടോ പ്രദര്‍ശനവും കാണാന്‍അവസരം ലഭിക്കും. സിനിമ പ്രദര്‍ശനത്തിനുള്ള പാസ് ലഭിക്കാന്‍ ഫിലിം സൊസൈറ്റി സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 7034 791806