കോഴിക്കോട് രൂപത യുവജനമഹാ സംഗമത്തിനു തുടക്കമായി

Kozhikode

കോഴിക്കോട്: രാഷ്ട്രീയ രംഗം സംശുദ്ധമാക്കാന്‍ യുവജനങ്ങള്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. രാഷ്ട്രീയ പ്രവര്‍ത്തനം ചീത്തയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന മഹാസംഗമം ‘ചിറക് ‘ സെന്റ് ജോസ്ഫ്‌സ് ആംഗ്‌ളോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

യുവജനങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് സജീവമായി പങ്കെടുക്കണം. ഭരണം നടത്തുന്നതും നിയമം നിര്‍മിക്കുന്നതും നാടിനെ മുന്നോട്ടു നയിക്കുന്നതും രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയരംഗം ശുദ്ധീകരിച്ച് അതില്‍ സജീവമാകുകയാണ് വേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യുവജനങ്ങള്‍ വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും കേന്ദ്ര ബിന്ദുക്കളാണ്. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയൂം തീപ്പന്തങ്ങളായി യവജനത മാറണം. നല്ല വിദ്യാഭ്യാസം നേടണം. വിദ്യാഭ്യാസമില്ലാത്തവര്‍ സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെടും. ദൈവത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നാടിനുവേണ്ടി നിലക്കൊള്ളാന്‍ യുവജനങ്ങള്‍ക്കു കഴിയണം. യുവജനങ്ങളുടെ ശക്തി സഭയ്ക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് രൂപത സിഎല്‍സി ഡയറക്ടറും യുവജന ശുശ്രൂഷ കോഡിനേറ്ററുമായ ഫാ. ടോണി ഗ്രേഷ്യസ് ആമുഖഭാഷണം നടത്തി. പാട്ടും പറച്ചിലും എന്ന പേരില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസുകള്‍ എടുക്കുന്ന മുഖ്യാതിഥിയായ ജോസ് സി.സി.യുവജനങ്ങളുമായി സംവദിച്ചു. ലഹരിയും അമിത ഭോഗസക്തികളും യുവാക്കളുടെ ലക്ഷ്യബോധം ചോര്‍ത്തി കളയുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപത യൂത്ത് അപ്പോസ്‌റ്റോലേറ്റ് കോഓര്‍ഡിനേറ്റര്‍ ഷെല്‍ട്ടണ്‍ ജെയിംസ് സ്വാഗതവും കെസിവൈഎം രൂപത പ്രസിഡന്റ് കെ.എസ്.ഡൊമിനിക് നന്ദിയും പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി. പ്രശസ്ത സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് യുവജനങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ സന്ദേശം നല്‍കി.

യുവജന മഹാസംഗമത്തിനു തുടക്കംകുറിച്ച് പിതാവ് ആകാശത്തേക്ക് വെള്ളരിപ്രാവിനെ പറത്തി. ദേവമാതാ കത്തീഡ്രലില്‍നിന്ന് ഘോഷയാത്രയായാണ് പിതാവിനെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. ഫാ. സനല്‍ ലോറന്‍സ്, ഫാ. ജീവന്‍ വര്‍ഗീസ്, ഫാ. അനില്‍, പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയിര്‍ സിസ്റ്റര്‍ ജസീന, സിഎല്‍സി പ്രസിഡന്റ് ഡഗഌ് എന്നിവര്‍ നേതൃത്വം നല്‍കി. രൂപതയുടെ ഇടവകകളില്‍ നിന്നുള്ള ആയിരത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ എത്തിയിട്ടുള്ളത്. വന്യജീവി ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ബേബിയുടെയും ചിത്രകാരന്‍ ഫാദര്‍ ജോസ് യേശുദാസിന്റെയും ഫോട്ടോഗ്രാഫി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ബാന്‍ഡ് ഒരുക്കിയ കലാസന്ധ്യയും സംഘടിപ്പിച്ചിരുന്നു. ഇന്ന് ബിഷപ്പ് ഡോ. വഗീസ് ചക്കാലക്കലുമായി യുവജനങ്ങള്‍ സംവദിക്കുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.