ക്ഷീര മേഖലയെ അടുത്തറിയാം; മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പരിചയപ്പെടാന്‍ ക്ഷീര വികസന വകുപ്പ് സ്റ്റാളുമായി

Kozhikode

കോഴിക്കോട്: ക്ഷീരവികസനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് ക്ഷീരവികസന വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയിലെ ക്ഷീര വികസന വകുപ്പിന്റെ സ്റ്റാളിലാണ് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ശ്രീകണ്ഠ്, രസമലായ്, രസഗുള, ഛന്ന, ഛന്ന മുര്‍ഖി തുടങ്ങിയ സാധാരണയായ് കേട്ടു പരിചയമില്ലാത്ത എന്നാല്‍ മാധുര്യമേറിയ വ്യത്യസ്തങ്ങളായ പാല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് അറിയാനും പാചകകൂട്ട് മനസ്സിലാക്കാനും നിരവധിപ്പേരാണ് സ്റ്റാളില്‍ എത്തുന്നത്.

ആധുനിക സൗകര്യങ്ങളോടു കൂടിയ കാലിത്തൊഴുത്തിന്റെ വീഡിയോ പ്രദര്‍ശനം, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭകരമായി ഫാമുകള്‍ എങ്ങനെ ഒരുക്കാം തുടങ്ങി യുവ കര്‍ഷകര്‍ക്ക് സഹായകമാവുന്ന നിരവധി വിവരങ്ങളും സ്റ്റാളിലൂടെ നല്‍കുന്നുണ്ട്. കന്നുകാലികളുടെ ആഹാരക്രമം, തീറ്റക്രമം, പച്ചപ്പുല്ല് കൃഷി, കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തേണ്ട ധാന്യങ്ങളുടെ വിവരവും പ്രദര്‍ശനവും, അസോള നിര്‍മ്മാണം, പശുക്കളുടെ തൂക്കം നിര്‍ണ്ണയിക്കാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം തുടങ്ങി ക്ഷീര കര്‍ഷകന് അറിയേണ്ടതായ എല്ലാ വിവരങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോഷകഗുണമുള്ള പശുക്കള്‍ക്ക് എളുപ്പം ദഹനം സാധ്യമാകുന്ന റെഡ് നേപ്പിയര്‍ എന്ന പുതുതായി വികസിപ്പിച്ച പുല്ലിനവും സ്റ്റാളില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരിശീലന പരിപാടികളുടെ വിവരങ്ങള്‍, ഇതുവരെയുള്ള വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ചിത്രങ്ങളും, കാലിത്തൊഴുത്തിന്റെ മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്.