ഏതെങ്കിലും പ്രവര്‍ത്തകര്‍ പതിപ്പിച്ച ഒരു പോസ്റ്ററിന്‍റെ പേരില്‍ തകരുന്നതല്ല പ്രതിപക്ഷ ഏകോപന നീക്കം: അഭിഷേക് ഝാ

India

ബീഹാര്‍ കത്ത് / ഡോ.കൈപ്പാറേടന്‍

ഏതെങ്കിലും ജെ ഡി യു പ്രവര്‍ത്തകര്‍ പതിപ്പിച്ച ഒരു പോസ്റ്ററിന്റെ പേരില്‍ തകരുന്നതല്ല പ്രതിപക്ഷ ഏകോപന നീക്കമെന്ന് ജെ ഡി യു വക്താവ് അഭിഷേക് ഝാ പറഞ്ഞു. നിതീഷ് കുമാറാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള ബി ജെ പിയുടെ എതിരാളി എന്ന മട്ടില്‍ ആരെങ്കിലും ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ അത് വിവാദമാക്കേണ്ടതില്ലെന്നും ഏതോ ഒരുപ്രവര്‍ത്തകന്‍ ആവേശം കൊണ്ട് ചെയ്തതാണതെന്നും അഭിഷേക് ഝാ പറഞ്ഞു. അതിന്റെ പേരില്‍ തകരുന്നതല്ല പ്രതിപക്ഷ ഏകോപന നീക്കം.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല. മറിച്ച് തന്റെ ലക്ഷ്യം പ്രതിപക്ഷ ഏകോപനം മാത്രമാണെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുമുണ്ടെന്ന് അഭിഷേക് ഝാ ചൂണ്ടിക്കാട്ടി.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ പഴയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലാലു പ്രസാദ് യാദവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 9 നാണ് ബിജെപിയുടെ എന്‍ ഡി എയില്‍ നിന്ന് വേര്‍പിരിഞ്ഞ് ആര്‍ ജെ ഡി നയിക്കുന്ന മഹാസഖ്യത്തില്‍ ചേര്‍ന്നത്.

അതിന് ശേഷം ബി ജെ പിയെ പ്രതിരോധിക്കാനും ചിതറി നില്‍ക്കുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമിങ്ങള്‍ ഈ രണ്ടു പാര്‍ട്ടിയുടെയും നേതാക്കള്‍ പരമാവധി നടത്തുന്നുണ്ട്. അന്നുമുതലേ പ്രധാനമന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഷേക് ഝാ ചൂണ്ടിക്കാട്ടി.

എന്നാല്‍ ചില ജെഡിയു പ്രവര്‍ത്തകര്‍ നിതീഷ് കുമാറാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ ഇടക്കിടക്ക് പോസ്റ്ററുകള്‍ പതിക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ ജെഡിയു ആന്ധ്രാപ്രദേശ് സംസ്ഥാനകമ്മിറ്റി ഓഫിസില്‍ ഇതുപോലൊരു പുതിയ പോസ്റ്റര്‍ പതിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജീത് നാരായണ്‍ മണ്ഡലാണ് ഈ പോസ്റ്റര്‍ പതിച്ചത്. ഇതാണ് കാവി മാധ്യമങ്ങള്‍ വിവാദമാക്കിയിട്ടുള്ളത്. ഇത് മറ്റു പ്രതിപക്ഷ കക്ഷികളെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഇതില്‍ വിവാദമുണ്ടാക്കാന്‍ മാത്രം യാതൊന്നുമില്ല. ‘2024 ല്‍ ജനകീയ സര്‍ക്കാര്‍ വരും’ എന്നു മാത്രമാണ് ഈ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. തന്നെയുമല്ല, ഈ പോസ്റ്ററില്‍ നിതീഷിന്റെ ചിത്രത്തിന് പുറമെ ദേശീയ അധ്യക്ഷന്‍ ലാലന്‍ സിംഗ് ഉള്‍പ്പെടെയുള്ള ജെഡിയുവിന്റെ നിരവധി മുതിര്‍ന്ന നേതാക്കളുടെ ചിത്രങ്ങളുമുണ്ട്.’ അഭിഷേക് ഝാ പറഞ്ഞു,

ഇതൊക്കെ പ്രവര്‍ത്തകരുടെ ആവേശപ്രകടനമായി മാത്രം കണ്ടാല്‍ മതി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പ്രതിപക്ഷ നേതാക്കളെയും ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് അദ്ദേഹവും ലാലു പ്രസാദ് യാദവ് ഉള്‍പ്പടെയുള്ള മഹാസഖ്യത്തിന്റെ മറ്റു നേതാക്കളും.

നിതീഷ് കുമാര്‍ NDA യില്‍ നിന്ന് വേര്‍പിരിഞ്ഞ് ആര്‍ ജെ ഡി നയിക്കുന്ന മഹാസഖ്യത്തില്‍ ചേര്‍ന്നത് മുതല്‍ അത്തരം നിരവധി മുദ്രാവാക്യങ്ങള്‍ ഉയരുന്നുണ്ടെന്നും അതു തികച്ചും സ്വാഭാവികമാണെന്നും അഭിഷേക് ഝാ പറഞ്ഞു. അതേമയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ നൂറു ശതമാനം അര്‍ഹതയുള്ള ആളാണെന്ന് അഭിഷേക് ഝാ കൂട്ടിച്ചേര്‍ത്തു.