തലമുറകളുടെ സംഗമ വേദിയായി പൂർവ്വാധ്യാപക സംഗമം

Wayanad

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അധ്യാപക അനധ്യാപക സംഗമം തലമുറകളുടെ സംഗമവേദിയായി മാറി.1974ൽ ആരംഭിച്ച വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷം വരെ വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമാണ് സ്കൂൾ മുറ്റത്ത് ഒത്തുചേർന്നത്.പ്രതിസന്ധികൾ നിറഞ്ഞ ആദ്യകാല അധ്യാപക ജീവിതാനുഭവങ്ങൾ ഓരോരുത്തരും പങ്കുവെച്ചത് പുതുതലമുറയ്ക്ക് കൗതുകമേകി.

നൂറിലധികം അധ്യാപകർ പങ്കെടുത്ത പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ആദ്യകാല അധ്യാപകരായ എം.ജി.ശശി , ടി.എ.തോമസ് , ഇ.കെ.ജയരാജൻ , പത്മാവതി വാര്യസർ , ശാരദ ടീച്ചർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. പി.ടി.എ.പ്രസിഡൻ്റ് ടി.എസ്.സുധീഷ് , പ്രിൻസിപ്പാൾ പി.പി.ശിവസുബ്രഹ്മണ്യൻ , പ്രധാനാധ്യാപകൻ ടി. ബാബു , എസ്.എം.സി ചെയർമാൻ കെ.ജെ. സണ്ണി , പി.ടി.എ വൈസ് പ്രസിഡൻ്റ് സജീർ , മദർ പി.ടി.എ പ്രസിഡൻറ് ഖമറുന്നിസ തുടങ്ങിയവർ സംസാരിച്ചു. ‘ഒരു വട്ടം കൂടി ‘ എന്ന പേരിൽ നടന്ന ഈ ഒത്തുചേരലിൽ പൂർവ്വ അധ്യാപകരോടൊപ്പം പൂർവ്വ വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ട സെഷൻ ഏറെ ശ്രദ്ധേയമായിരുന്നു.