കുടുംബശ്രീ രജത ജൂബിലി: വെള്ളമുണ്ട സി ഡി എസിന് അഭിമാനനേട്ടം

Wayanad

കല്പറ്റ: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സി ഡി എസായി വെള്ളമുണ്ട സി ഡി എസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന രജത ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്മണ്യന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സജന സജീവന്‍, സി ഡി എസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഗോത്രമേഖലയിലും ഉപജീവന മേഖലയിലും നടപ്പാക്കിയ പ്രത്യേക പ്രവര്‍ത്തനങ്ങളും മികച്ച അവതരണവുമാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ സി ഡി എസ്‌നൊപ്പം വെള്ളമുണ്ടക്ക് അവാര്‍ഡ് നേടി കൊടുത്തത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സി ഡി എസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇടുക്കി ജില്ലയിലെ മറയൂര്‍ സി ഡി എസും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സിഡിഎസും മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് എഴുപത്തി അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് അന്‍പതിനായിരം രൂപയും ലഭിക്കും. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷിക്കുന്ന വേളയില്‍ വിവിധ പരിപാടികളാണ് സംസ്ഥാന തലത്തില്‍ കുടുംബശ്രീ സംഘടിപ്പിച്ചത്. സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.