കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസിന്‍റെ വിജയവും ബി ജെ പിയുടെ വീഴ്ചയും: ഒരു വേറിട്ട വീക്ഷണം

India

കര്‍ണാടക കത്ത് / ഡോ.കൈപ്പാറേടന്‍

പുതിയ കര്‍ണാടക മന്ത്രിസഭ ഇന്നലെ സത്യ പ്രതിജ്ഞ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസങ്ങള്‍ക്കകം കര്‍ണാടകയില്‍ ബി ജെ പി തോറ്റതും കോണ്‍ഗ്രസിന് ശക്തമായ വിജയമുണ്ടായതും എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് ഇതിനകം ധാരാളം ലേഖനങ്ങളും ടിവി ചര്‍ച്ചകളും വന്നു കഴിഞ്ഞു.

135 സീറ്റു നേടിയുള്ള കോണ്‍ഗ്രസിന്റെ വിജയം മികച്ചതാണന്നെതില്‍ രണ്ടുപക്ഷമില്ല. ബി ജെ പിക്ക് കേവലം 66 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. അടുത്ത കാലത്തെ ഏറ്റവും മികച്ച നേട്ടമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ വിജയത്തിന് നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണമാണ് പ്രധാന കാരണമായി പലരും പറയുന്നത്. ശക്തവും ഒത്തിണക്കമുള്ളതുമായ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വത്തിന്റെ കരുത്തും ബി ജെ പിയുടെ പ്രാദേശിക നേതൃത്വത്തിലെ വിഘടിപ്പും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്.

പ്രധാനമന്ത്രിയെ പ്രധാന മാര്‍ക്കറ്റിംഗ് ഉപകരണമാക്കിയാണ് ബി ജെ പി ഈ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രാദേശിക നേതാക്കള്‍ക്കു റോളുണ്ടായിരുന്നില്ലെന്നും ഇതാണ് പരാജയ കാരണമെന്നു പറയുന്നവരുണ്ട്. വര്‍ഗീയ വിഷയങ്ങളിലായിരുന്നു ബി ജെ പിയുടെ ശ്രദ്ധയെന്നും അത് കര്‍ണാടകയില്‍ പ്രവര്‍ത്തിച്ചില്ല പറയുന്നവരുണ്ട്. ചില ജാതി സമവാക്യങ്ങള്‍ ബി ജെ പിക്ക് എതിരായെന്നും അത് പരാജയത്തിനു കാരണമായെന്നും മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒറ്റനോട്ടത്തില്‍ മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങളും വിശ്വസനീയമാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥ വോട്ടിംഗ് നിലയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെന്നപ്പോള്‍ ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കു ഭീതി ജനകമായ ചില സംശയങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിവിടെ പങ്കു വെക്കുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പു വിലയിരുത്തുമ്പോള്‍ ആദ്യം പറയേണ്ടത് അവിടെ ഒരു ത്രികോണ മത്സരമാണ് നടന്നതെന്നാണ്. ബി ജെ പി, കോണ്‍ഗ്രസ്, ജെ ഡി (എസ്) എന്നിങ്ങനെ മൂന്ന് പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ച തുറന്ന ത്രികോണ മത്സരത്തില്‍ വോട്ട് വിഹിതത്തിലെ നേരിയ വ്യത്യാസം പോലും ഫലങ്ങളില്‍ വലിയ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്.

BJP യുടെ വോട്ട് വിഹിതം കഴിഞ്ഞ തവണത്തേത് അതേപടി ഇക്കുറിയും നിലനില്‍ക്കുകയാണ് എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ കണ്ടില്ലന്നു നടിച്ചാല്‍ അതൊരു അബദ്ധമാകുമെന്നാണ് എന്റെ പക്ഷം. എന്തുകൊണ്ടാണ് ബി ജെ പിക്ക് ഇത്രയധികം സീറ്റുകള്‍ നഷ്ടമായത്?

ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഏറ്റവും വലിയ ഘടകം BJP യുടെ ദൗര്‍ബല്യങ്ങളല്ല മറിച്ച് ജെഡി (എസ്) ന്റെ അപ്രതീക്ഷിതമായ തകര്‍ച്ചയാണെന്നു കാണാന്‍ BJP ക്കു ബദല്‍ രൂപീകരിക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ക്കു കഴിയണം. കഴിഞ്ഞില്ലെങ്കില്‍ 2019 ഇനി 2024ലും ആവര്‍ത്തിക്കും. നമുക്ക് 2018ലും 2023 ലുമുള്ള മൂന്നു പാര്‍ട്ടികളുടേയും വോട്ട് ഷെയര്‍ ഘടന ഒന്നു നോക്കാം

ബി ജെ പിക്ക് 2018ല്‍ കിട്ടിയത് 36% . 2023 ല്‍ 36%., കോണ്‍ഗ്രസ്സിന് 2018ല്‍ കിട്ടിയത് 38%. 2023 ല്‍ 43%., ജെ ഡി എസ്സിന് 2018ല്‍ കിട്ടിയത് 18% . 2023 ല്‍ 13% . ഇനി സീറ്റുകളിലുണ്ടായ വ്യത്യാസം നോക്കാം. അതി രൂക്ഷമായിരുന്നു അത്.

ബി ജെ പി 104ല്‍ നിന്ന് 66 ആയി മൂക്കുകുത്തി വീണു (38ന്റെ കുറവ്), കോണ്‍ഗ്രസ് 78ല്‍ നിന്ന് 135 ആയി ഉയര്‍ന്നു (57ന്റെ വര്‍ദ്ധനവ്), ജെ ഡി (എസ്) 37ല്‍ നിന്ന് 19 ആയി തകര്‍ന്നടിഞ്ഞു. (18ന്റെ കുറവ്). ന്യായമായും സീറ്റുകളാണ് പ്രഥമദൃഷ്ട്യാ ഏവര്‍ക്കും പ്രധാനം. അങ്ങനെയാണ് വിജയികളെ തീരുമാനിക്കുന്നതും സര്‍ക്കാരുണ്ടാക്കുന്നതും.

എന്നാല്‍ 2024ല്‍ BJPയെ തളയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് അതു പറഞ്ഞു വെറുതെ അവസാനിപ്പിക്കാന്‍ പറ്റില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുകയാണ് ലക്ഷ്യമെങ്കില്‍, രണ്ടു തെരഞ്ഞെടുപ്പുകളിലും നടന്ന വോട്ടിംഗിന്റെ ശരിയായ ഘടന ആഴത്തില്‍ പഠിക്കുക തന്നെ വേണം. 2018ല്‍ 36% ആയിരുന്നു ബി ജെ പിയുടെ വോട്ട് വിഹിതം. അത്തവണ ബി ജെ പി 100 സീറ്റുകള്‍ നേടി.

അതേ വോട്ടു വിഹിതം ഇക്കുറിയും അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇത്തവണ സീറ്റുകള്‍ കുറഞ്ഞു. എന്തുകൊണ്ട്? ഉത്തരം ലളിതം ജെഡി (എസ്) ന്റെ തകര്‍ച്ച. ജെ ഡി എസ്സിന്റെ വോട്ട് ഷെയര്‍ 18% ല്‍ നിന്ന് 13% ആയി കുറഞ്ഞു. അഞ്ച് പോയിന്റിന്റെ ഇടിവ്. (JDS ന്റെ ഈ ദുസ്ഥിതി എല്ലാവര്‍ക്കും തീരെ അപ്രതീക്ഷിതമായിരുന്നു എന്നു പറയുന്നില്ല; എന്നെപ്പോലെ ചില രാഷ്ട്രീയ വിദ്യാര്‍ത്ഥികളെങ്കിലും കണക്കുകൂട്ടുകയും എഴുതുകയും ചെയ്തിരുന്നതാണത്.)

അതേസമയം കോണ്‍ഗ്രസ്സിന്റെ വോട്ട് ഷെയറാവട്ടെ 38 ശതമാനത്തില്‍ നിന്ന് 43 ശതമാനത്തിലേക്ക് ഉയര്‍ന്ന് 5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. JDS-ന്റെ പരമ്പരാഗത വൊക്കലിഗ, മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഷിഫ്റ്റു ചെയ്തുവെന്ന് വ്യക്തം. വോട്ട് വിഹിതത്തിന്റെ ഈ ചെറിയ ശതമാനമാണ് ത്രികോണ മത്സരത്തില്‍ വലിയ അട്ടിമറി സൃഷ്ടിച്ചത്. എന്തുകൊണ്ടാണ് ജെഡിഎസ്സിന്റെ വോട്ട് വിഹിതം ഇടിഞ്ഞത്? അതൊരു പ്രധാന ചോദ്യമാണ്. അതിന് ഉത്തരം കിട്ടാന്‍ വേറൊരു വലിയ വിശകലനം ആവശ്യമാണ്.

പ്രാദേശികമായ ഏകോപനത്തിന്റെ മോശം അവസ്ഥ കൊണ്ടാണതു സംഭവിച്ചത് എന്നു പറഞ്ഞു കൂടാ. പാര്‍ട്ടിയും കുമാര സ്വാമിയും നന്നായിത്തന്നെ ജോലി ചെയ്തു. അടിസ്ഥാനപരമായി ജെഡിഎസ്സിന് ഒരു ദേശീയ നയമുണ്ടായിരുന്നില്ല എന്നതാണ് ആ പാര്‍ട്ടിക്കു വിനയായത്. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പടെ ഖഉട എടുത്ത ചില മുന്‍നിലപാടുകളും തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ദേവഗൗഡ പ്രധാനമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതും അവരുടെ പരമ്പരാഗത വോട്ട് ബാങ്കുകളെ വല്ലാതെ പ്രകോപിപ്പിച്ചുകളഞ്ഞു. അതുകൊണ്ടു തന്നെ BJPക്ക് ബദലായ ഒരു പ്രാദേശിക പാര്‍ട്ടിയായി JDS നെ ജനങ്ങള്‍ കണ്ടില്ല.

ആ പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കുമേല്‍ അവരുടെ അവസരവാദപരമായ നിലപാടുകള്‍ നിഴല്‍ വീഴ്ത്തി. ബദ്ധശത്രുക്കളായ കോണ്‍ഗ്രസുമായും ബിജെപിയുമായും ചേര്‍ന്ന് മാറിമാറി സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിക്കസേരയിലിരുന്നത് സത്യത്തില്‍ ആ പാര്‍ട്ടിയെ തകര്‍ക്കുകയാണ് ചെയ്തത്. അവരെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്ന വൊക്കലിഗ വോട്ടുകളില്‍ നിന്ന് കോണ്‍ഗ്രസിന് അനുകൂലമായി വലിയ ഒഴുക്കുണ്ടായി.

ജെ ഡി എസ്സിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ മുസ്ലീം സമുദായാംഗമാണെങ്കിലും മുസ്ലീം വോട്ടുകള്‍ ജെഡി (എസ്)ല്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയതും അവര്‍ക്കു വിനയായി. ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഇത്തവണ മുസ്ലീം സമുദായം കര്‍ണ്ണാടകയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സിനെ പിന്തുണച്ചുവെന്ന് ആ മേഖലകളിലെ കണക്കുകള്‍ പറയുന്നു. ബജ്‌റംഗ്ദള്‍ പോലുള്ള വിഷയങ്ങളില്‍ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കോണ്‍ഗ്രസിന് അനുകൂലമായി മുസ്ലീം വോട്ടുകള്‍ പൂര്‍ണ്ണമായും ഏകീകരിക്കപ്പെട്ടു.

ഇതിനര്‍ത്ഥം തെരഞ്ഞെടുപ്പു ഫലങ്ങള്‍ ബി ജെ പിയെയും അവരുടെ പ്രാദേശിക ദേശീയ നേതാക്കളെയും ഒട്ടും വിലയിരുത്തുന്ന ഒന്നല്ല എന്നല്ല. തീര്‍ച്ചയായും അവയും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നിട്ടും (ഇത്രയും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും) BJP അവരുടെ വോട്ട് വിഹിതം നിലനിര്‍ത്തി എന്നത് വലിയ അപായ സൂചനയാണ് നല്‍കുന്നത്. നിയമസഭയില്‍ ഭീകര ഭൂരിപക്ഷം നേടിയതോടെ 2024ല്‍ കര്‍ണ്ണാടകത്തില്‍ BJP ക്ക് ഒരു യഥാര്‍ത്ഥ ബദലായി കോണ്‍ഗ്രസ്സ് മാറിയെന്ന് പലരും പറയുന്നുണ്ട്.

അഹങ്കാരം കാണിക്കാതെ കര്‍ണ്ണാടകത്തില്‍ അതിനിര്‍ണ്ണായകമായ 13 % അടിയുറച്ച വോട്ടുകളുള്ള JDS നെ കൂടെക്കൂട്ടി യോജിച്ച ഒരുനീക്കം നടത്തിയില്ലങ്കില്‍ ഫലം മറ്റൊന്നാകുമെന്ന ഭയം എനിക്കു തീര്‍ച്ചയായുമുണ്ട്. വേണമെന്നു വെച്ചാല്‍ JDS നെ കൂടെ കൂട്ടാന്‍ ഇനി കോണ്‍ഗ്രസ്സിന് സാധിക്കും. അതിന് അനുകൂലമായ രാഷ്ട്രീയം ദേശീയ തലത്തില്‍ ഉരുത്തിരിയുന്നുണ്ട്. അവര്‍ക്കതുസമയ ബന്ധിതമായി മുതലെടുക്കാന്‍ സാധിച്ചില്ലങ്കില്‍ മോദി അതു ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഗതികെട്ടു നില്‍ക്കുന്ന ഗൗഡപ്പടയെ കാവിപ്പാളയത്തിലേക്കു തള്ളിവിടുന്നത് ആത്മഹത്യാപരമായിരിക്കും കോണ്‍ഗ്രസ്സിന്, ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ക്കും.