തിരുവനന്തപുരം: കനകക്കുന്നില്‍ കാഴ്ചകണ്ട് കറങ്ങുന്നതിനിടയില്‍ ഒരു ബോര്‍ഡ് കാണാം. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍…. പേടിക്കേണ്ട, കൗതുകമാര്‍ന്ന കാഴ്ചകളുമായി ജയില്‍ വകുപ്പ് ഒരുക്കിയ സ്‌റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്.
സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച ജയിലുകളുടെ ഉള്ളറ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ജയില്‍ വകുപ്പ് ഒരുക്കിയ മാതൃകാ സെന്‍ട്രല്‍ ജയില്‍. കൗതുകം മാത്രമല്ല ഒരല്പം ‘ടെറര്‍’ കൂടിയുണ്ട്. യഥാര്‍ത്ഥ വധശിക്ഷയുടെ നേര്‍കാഴ്ചയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് ‘ഒറിജിനല്‍’ തൂക്കുകയറും, ‘ഡമ്മി’ പ്രതിയും. ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയുടെ വധശിക്ഷക്കായി തയ്യാറാക്കിയ ചണം കൊണ്ടുള്ള യഥാര്‍ത്ഥ തൂക്കുകയറാണ് പ്രദര്‍ശിപ്പിക്കുന്നത്.
വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 25 ജയില്‍ അന്തേവാസികളാണ് മാതൃകാ ജയില്‍ തയ്യാറാക്കിയത്. ജയില്‍ കാണാന്‍ എത്തുന്നരെ ആദ്യം സ്വീകരിക്കുന്നത് 22 അടി ഉയരമുള്ള മെയിന്‍ ഗേറ്റാണ്. ജയിലിനെ പോലെ തന്നെ ഗേറ്റ് കീപ്പറോട് അനുവാദം വാങ്ങി ഉള്ളിലേക്ക് കടക്കാം. ഒന്‍പതര ഏക്കറോളം വരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ മിനിയേച്ചര്‍ രൂപമാണ് മുന്നില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ജയിലിലെ 12 ബ്ലോക്കുകള്‍, സന്ദര്‍ശന മുറി, ജയിലിന്റെ സിഗ്‌നേച്ചറായ ക്ലോക്ക് ടവര്‍, കാന്റീന്‍, യോഗാ സെന്റര്‍, ഡിസ്‌പെന്‍സറി, ആരാധനാലയങ്ങള്‍, ലൈബ്രറി, കൃഷിയിടങ്ങള്‍, ഉദ്യോഗസ്ഥരുടെ കാര്യാലയം തുടങ്ങി ജയിലിന്റെ മുക്കും മൂലയും വരെ നേരില്‍ കാണാം. തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച കേന്ദ്രം, സെല്ലുകള്‍, ബാരക്കുകള്‍ എന്നിവയും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.