ബി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്‍റ്

Kozhikode

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ്. ബി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവിടാതെ പ്ലസ് വണ്‍ പ്രവേശനവുമായി മുന്നോട്ടു പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. കുട്ടികള്‍ ഇല്ലാത്ത ബാച്ച് ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുന്നതും പുതിയ അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള പരിഹാര നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഉടനെ നടപ്പാക്കാന്‍ പോകുന്നില്ല എന്നാണ്. ഇത് അപലപനീയമാണ്.

മലബാറില്‍ 2,59,839 പേര്‍ പത്താം തരം കഴിഞ്ഞ് ഉപരിപഠന യോഗ്യത നേടിയപ്പോള്‍ തെക്കന്‍ ജില്ലകളില്‍ 1,57,238 കുട്ടികളാണ് വിജയിച്ചത്. തിരുകൊച്ചി മേഖലയില്‍ 21,325 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലബാറില്‍ 55,611 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. 30 ശതമാനം സീറ്റ് മലബാറിലെ എല്ലാ സ്‌കൂളുകളിലും വര്‍ധന വരുത്തിയാലും 18,358 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ല. 283 ബാച്ചുകള്‍ കൂടി അനുവദിച്ചാലെ പ്രശ്‌നപരിഹാരം ഉണ്ടാവുകയുള്ളൂ. 1998 ല്‍ പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിക്കാതെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ബാച്ചുകള്‍ നല്‍കുകയും മലബാറിനെ അവഗണിക്കുകയും ചെയ്തത് കൊണ്ടാണ് ഈ പ്രശ്‌നം ആരംഭിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കണം എന്നവര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ നാലിന് ടൗണ്‍ ഹാളില്‍ മലബാര്‍ എജ്യുക്കേഷന്‍ കോംട്രസ്റ്റ് സംഘടിപ്പിക്കും. പ്രൊഫ. കെ.എ നാസര്‍ (വെസ് പ്രസിഡന്റ്), അക്ഷയ് കുമാര്‍. ഒ (ജന. സെക്രട്ടറി), അഭിഷേക് എന്‍.പി (കോഓര്‍ഡിനേറ്റര്‍) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.