ഹജ്ജ് മാനവിക ബോധം വളര്‍ത്തും: ശംസുദ്ദീന്‍ പാലക്കോട്

Kannur

കണ്ണൂര്‍: ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെയുള്ള ആറുദിനങ്ങളില്‍ മക്കയിലും മിനയിലും അറഫയിലും മുസ്ദലിഫയിലുമായി നിര്‍വഹിക്കപ്പെടുന്ന ഹജ്ജ് കര്‍മങ്ങളിലൂടെ ദൈവത്തിന്റെ വിനീത ദാസരാകാനുളള അനുഭവജ്ഞാനമാണ് വിശ്വാസികള്‍ ആര്‍ജിച്ചെടുക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്. ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് കണ്ണൂര്‍ സലഫി ദഅവാ സെന്റര്‍ സഹായി കോണ്‍ഫ്രന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ ഹജ്ജിനെത്തുന്ന എല്ലാ വിശ്വാസികളും വേഷത്തിലും ആരാധനയിലും സമഭാവനയില്‍ കഴിയുന്ന ദിവസങ്ങളാണ് ഹജ്ജിന്റെ ആറുദിനങ്ങള്‍. ത്യാഗബോധവും ക്ഷമയും വിനയവും മാനവികതയുമാണ് ഹജ്ജിന്റെ മുഖമുദ്രയെന്നും ശംസുദ്ദീന്‍ പാലക്കോട് പറഞ്ഞു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് സി സി ശകീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, അബ്ദുല്‍ ജബ്ബാര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.