നാട്ടുകാരുടെ സമരം വിജയം കണ്ടു; അറവ് മാലിന്യ പ്ലാന്‍റിന് സ്റ്റോപ്പ് മെമ്മോ

Wayanad

കൊളവല്‍: ഒരുനാട് ഒറ്റക്കെട്ടായി സമരരംഗത്ത് നിലയുറപ്പിച്ചതോടെ കൊളവയല്‍ അറവുമാലിന്യ പ്ലാന്റിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. മുട്ടില്‍ ഗ്രാമപഞ്ചായത്തിയെ ആറാം വാര്‍ഡില്‍ ജവാസ മേഖലയിലായിരുന്നു അറവുമാലിന്യ പ്ലാന്റിനാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ പതിച്ചത്. മാലിന്യ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ജനങ്ങളുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന ഡി എം ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്‍റെ സ്റ്റോപ്പ് മെമ്മോ.

കൊളവയല്‍ അറവുമാലിന്യ പ്ലാന്റിനെതിരെ പ്രദേശത്തെ ജനങ്ങള്‍ കഴിഞ്ഞ 57 ദിവസമായി രാപ്പകല്‍ സമരത്തിലുമായിരുന്നു. പ്ലാന്റിനെതിരെ ജനങ്ങള്‍ പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കല്പറ്റയിലെ ഓഫിസിന് മുന്നില്‍ നാട്ടുകാര്‍ ഉപരോധ സമരം നടത്തിയിരുന്നു. എന്നാല്‍ പ്ലാന്റിന് അനുകൂലമായ നിലപാടാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിച്ചത്.

അറവ് മാലിന്യ പ്ലാന്റില്‍ നിന്നും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതുമൂലം പുഴയിലെ വെള്ളം ഉപയോഗശൂന്യമാകുകയും പ്ലാന്റില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം ജനജീവിതം ദുസ്സഹമാകുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സമരരംഗത്തിറങ്ങിയിരുന്നത്.