പുല്‍പ്പള്ളി: രണ്ട് ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി കേരളത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃക യാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയായ വൈറ്റ് ഓണ്‍ വീല്‍സിന്റെയും നൂതന പദ്ധതികളുടെയും ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതികള്‍ സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനങ്ങള്‍ക്ക് സമാനമാണ്. സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗോവര്‍ദ്ധിനി സ്‌കീം, എന്റെ പൈക്കിടാവ് പദ്ധതി, വേനല്‍ക്കാല കറവ സംരക്ഷണ പരിപാടികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പുല്‍പ്പള്ളി പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി തൊണ്ണൂറ്റി മുന്നേ മുക്കാല്‍ സെന്റ് ഭൂമി സൗജന്യമായി നല്‍കിയ പൊന്തം വീട്ടില്‍ കരുണാകരനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. എന്റെ പൈക്കിടാവ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറും ഗോവര്‍ദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും വേനല്‍ക്കാല കറവ സംരക്ഷണ പരിപാടിയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയനും നിര്‍വഹിച്ചു.
ചടങ്ങില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉഷ തമ്പി, ബീനാ ജോസ്, ബിന്ദു പ്രകാശ്, എ.എന്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ബെന്നി, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.സീന ജോസ് പല്ലന്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.കെ.എസ് പ്രേമന്‍, പുല്‍പ്പള്ളി പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,കുടുംബശ്രീ, ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.