കോഴിക്കോട്: കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് സൗജന്യ സഹായം നല്‍കുന്ന ഹോപ്പിന്റെ സഹായത്തോടെ കാന്‍സറിനെ അതിജീവിച്ച് തുടര്‍ പഠനത്തിന് തയ്യാറായ കുട്ടികള്‍ സ്‌കൂളിലേക്ക്. വെള്ളിപ്പറമ്പ് ഹോപ്പ് ഹോമില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ്, ‘ബാഗ് ഓഫ് ജോയ്’ ജില്ലാ കളക്ടര്‍ എ. ഗീത കൈമാറി.
ക്യാന്‍സറിനെ അതിജീവിച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും സംഗമം ‘ടുഗെതര്‍ വിത്ത് ഹോപ്പ് 2023’ പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സയിലിരിക്കെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
രക്ഷിതാക്കള്‍ക്കുള്ള പേരെന്റിങ് ക്ലാസ്സിന് ലൈഫ് കോച്ച് ട്രൈനേഴ്‌സ് അജ്മല്‍ കാരക്കുന്ന്, അമീന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ കാന്‍സറിനെ അതിജീവിച്ച കുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയില്‍ ഹോപ്പ് ഡയറക്ടര്‍ റിയാസ് കില്‍ട്ടന്‍, ചെയര്‍മാന്‍ കെ കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ. കേശവന്‍, ഡോ. ഷിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.