പിന്നാക്ക സംവരണത്തെ ധ്രുവീകരണ ആയുധമാക്കുന്നത് പ്രതിഷേധാര്‍ഹം: വിസ്ഡം യൂത്ത്

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: പിന്നാക്ക സംവരണത്തെ മതാടിസ്ഥാനത്തിലുള്ള സംവരണമെന്ന് മുദ്രകുത്തുന്നത് ദുരുദ്ദേശപരമാണെന്നും സംവരണത്തെ ധ്രുവീകരണ ആയുധമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാ എക്‌സ്‌പേര്‍ട്ട് മീറ്റ് അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്കായി ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ് സംവരണം. വ്യക്തികളുടെയോ മതങ്ങളുടെയോ സാമ്പത്തിക ഉന്നമനമല്ല സംവരണത്തിന്റെ ലക്ഷ്യം, മറിച്ച് ബഹുസ്വര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അധികാരത്തിന്റെ എല്ലാ തലങ്ങളിലും ആനുപാതികമായ അവസരസമത്വമാണ് സംവരണം ലക്ഷ്യമാക്കുന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണമെന്ന പ്രചാരണം സംവരണത്തിന്റെ ഉദ്ദേശ ശുദ്ധിയെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ്. സംവരണം പോലും പൗരന്മാര്‍ക്കിടയില്‍ ധ്രുവീകരണ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുമ്പോള്‍ സമൂഹം ജാഗ്രതയോടെ നീങ്ങണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു.

വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ടി കെ നിഷാദ് സലഫി ഉദ്ഘാടനം നിര്‍വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി അദ്ധ്യക്ഷത വഹിച്ചു. ജാമിഅ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി, മുജാഹിദ് ബാലുശ്ശേരി, ശിഹാബ് എടക്കര, ഉദ്‌ബോധന പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അന്‍ഫസ് മുക്രം, ഫിറോസ് ഖാന്‍ സ്വലാഹി, ജംഷീര്‍ സ്വലാഹി, സംസ്ഥാന പ്രവര്‍ത്തക സമിതിയാഗം അബ്ദുറഹിമാന്‍ ചുങ്കത്തറ, ജുബൈല്‍ എടവണ്ണ എന്നിവര്‍ വിവിധ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, ജില്ലാ ഭാരവാഹികളായ റഷീദ് പാലത്ത്, ജുബൈര്‍ കാരപ്പറമ്പ്, മുഫീദ്, ഷിഹാബ്, അസീല്‍ സി.വി, ഗഫൂര്‍ നരിക്കുനി, ജാബിര്‍ നന്മണ്ട എന്നിവര്‍ സംസാരിച്ചു.