ഹര്‍ഷിനയുടെ സമരം ഒരുമാസം പിന്നിട്ടു; 27ന് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷം ദുരിതം പേറിയ ഹര്‍ഷീനയടെ സമരം കുടുതല്‍ കരുത്തോടെ മുന്നോട്ട്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വയറ്റില്‍ കുടുങ്ങിയ കത്രിക എവിടെ നിന്നെന്ന് കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഓഫീസിനുമുമ്പില്‍ തുടങ്ങിയ സമരം ഒരുമാസം പിന്നിടുകയാണ്. സമരത്തിന് സഹായസഹകരണങ്ങളുമായി കൂടെയുള്ള സമരസഹായസമിതി നേതാക്കള്‍ ഇന്നലെ ജില്ലാ കളക്ടര്‍ എ ഗീതയെ കണ്ട് നിവേദനം സമര്‍പിച്ചു. നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ കേട്ട കളക്ടര്‍ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉറപ്പ് നല്‍കി.

സമരം അനിശ്ചിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് 27ന് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ദിനാശ് പെരുമണ്ണ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസില്‍ വിശ്വാസമുണ്ട്. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുതന്നെയാണെന്നാണ് പൊലീസില്‍ നിന്ന് കിട്ടുന്ന വിവരം. നിഷ്പക്ഷമായ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ പുറത്ത് വിടുകയാണെങ്കില്‍ കുറ്റക്കാര്‍ പകല്‍പ്പോലെ പുറത്തുവരും. അതുകൊണ്ടാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് സമര്‍പിച്ച് പുറത്ത് വിടണമെന്ന് പറയുന്നതെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു. കളക്ടര്‍ക്ക് നിവേദനം നല്‍കിയ സംഘത്തില്‍ കണ്‍വീനര്‍ മുസ്തഫ പാലാഴി, എം വി അബ്ദുള്‍ ലത്തീഫ്, കെ കെ കോയ, എം ടി സേതുമാധവന്‍, ഇ പി അന്‍വര്‍ സാദത്ത്, റാഷിദ് പടനിലം എന്നിവരുമുണ്ടായിരുന്നു.

ബലിപെരുനാള്‍ ദിനത്തിലും സത്യാഗ്രഹമിരിക്കും: ഹര്‍ഷീന

നീതി തേടിയുള്ള സമരം ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. അധികൃതര്‍ ആരും തിരിഞ്ഞ് നോക്കിയില്ല. അതുകൊണ്ടുതന്നെ എന്ത് സഹനം സഹിച്ചും സമരം തടരാന്‍ തന്നെയാണ് തീരുമാനമെന്ന് ഹര്‍ഷീന. ബലിപെരുന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളിലൊന്നും പങ്കുകൊള്ളാതെ വെയിലായാലും മഴയായാലും അത് സഹിച്ച് സമരപന്തലിലിരിക്കുമെന്നും ഹര്‍ഷീന. ബലിപെരുന്നാള്‍ ദിനത്തില്‍ സമരപന്തലില്‍ കഞ്ഞിവെച്ചായിരിക്കും പ്രതിഷേധമെന്ന് സമരസഹായസമിതി ഭാരവാഹികള്‍ പറഞ്ഞു.